ജയ്‌പൂർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പൂർത്തിയായി മണിക്കൂറുകൾക്കകം വോട്ടിങ് യന്ത്രം നടുറോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബരാൻ ജില്ലയിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേയിലാണ് വോട്ടിങ് യന്ത്രം കണ്ടെത്തിയത്. കിഷൻഗഞ്ച് നിയോജമ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണിത്.
സംഭവത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. അബ്ദുൾ റഫീഖ്, നവാൽ സിങ് പത്‌വാരി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. നടുറോഡിൽ വോട്ടിങ് യന്ത്രം കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തത്.
അതേസമയം, വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോയ വാഹനത്തിൽനിന്നും താഴെ വീണതാകാം ഇതെന്നാണ് ജില്ലാ കലക്ടർ എസ്‌പി സിങ് പറഞ്ഞത്.
#WATCH: A ballot unit was found lying on road in Shahabad area of Kishanganj Assembly Constituency in Baran district of Rajasthan yesterday. Two officials have been suspended on grounds of negligence. #RajasthanElections pic.twitter.com/yq7F1mbCFV
— ANI (@ANI) December 8, 2018
രാജസ്ഥാനിൽ 200 നിയോജക മണ്ഡലങ്ങളിൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 72.7 ശതമാനമായിരുന്നു പോളിങ് ശതമാനം. 189 വനിതകൾ ഉൾപ്പെടെ 2,274 സ്ഥാനാർത്ഥികളാണ് രാജസ്ഥാനിൽ ജനവിധി തേടുന്നത്. ഡിസംബർ 11 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.