ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് തന്നെ ഉപയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. രണ്ട് പതിറ്റാണ്ടായി വോട്ടിങ് മെഷീന് തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഇനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് ലണ്ടനില്‍ നടത്തിയ ഹാക്കത്തോണ്‍ എന്ന പരിപാടിയില്‍ യുഎസ് ഹാക്കര്‍ സയ്യിസ് സുജ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമായിരുന്നു. 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്നായിരുന്നു പ്രധാന ആരോപണം. വീഡിയോ കോളിങ് ആപ്പ് ആയ സ്കൈപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇവിഎമ്മില്‍ ഹാക്കിങ് നടത്താന്‍ റിലയന്‍സ് ജിയോ ബിജെപിയെ സഹായിച്ചതായും ഹാക്കര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് യന്ത്രം ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വന്‍സി സിഗ്നലുകള്‍ റിലയന്‍സിന്റെ ജിയോയാണ് നല്‍കിയതെന്നും ഹാക്കിങ്ങിനെ കുറിച്ച് അറിയാമായിരുന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നും ഹാക്കര്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ബാലറ്റ് പേപ്പര്‍ എന്ന ആവശ്യം ഉന്നയിച്ച് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും രംഗത്തെത്തിയിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോളാണ് ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് തിരിച്ചു പോകില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്.