ന്യൂഡല്‍ഹി: ഡല്‍ഹി – മഥുര ട്രയിനില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവ്. മുഖ്യപ്രതിയെ മഹാരാഷ്ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജുനൈദിന്റെ പിതാവ് ജലാലുദ്ധീന്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

മുഖ്യപ്രതിയായ നരേഷ് രാഖിനെ ശനിയാഴ്ച്ച ഉച്ചയോടെയാണ് മഹാരാഷ്ട്രയിലെ ദൂലെയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ഫരീദാബാദ് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ദുലൈയില്‍ ബന്ധുക്കളുടെ വീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

നേരത്തേ അറസ്റ്റിലായ അഞ്ച് പേരും കൊലപാതകം നടന്ന സമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ജുനൈദിനെ കുത്തിയിട്ടില്ലെന്നാണ് ഇവരുടെ മൊഴി. വൈകാതെ തന്നെ പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തും.

Read More: ഇവിടെ ഏവർക്കും പ്രിയപ്പെട്ട,നിഷ്കളങ്കനായ ഒരു ബാലൻ ജീവിച്ചിരുന്നു, പേര് ജുനൈദ്

മുഖ്യപ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഹരിയാന പൊലീസ് പ്രഖ്യാപിച്ച പാരിതോഷികം രണ്ട് ലക്ഷമായി ഉയര്‍ത്തിയിരുന്നു. ദൃക്സാക്ഷികള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് നേരത്തേ ഒരു ലക്ഷമായിരുന്ന പ്രതിഫലം ഉയര്‍ത്തിയത്. നേരത്തേ ഒരു ലക്ഷം പ്രഖ്യാപിച്ചപ്പോള്‍ ആരുംതന്നെ തങ്ങളെ സമീപിച്ചില്ലെന്നും പൊലീസ് പറയുന്നു. ഇയാളെ കുറിച്ച് ആരെങ്കിലും വിവരം നല്‍കിയത് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

ജൂണ്‍ 22നാണ് 15കാരനായ ജുനൈദിനെ മഥുര ട്രെയിനില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ജുനൈദും സഹോദരങ്ങളായ ഹാഷിമും സാക്കിറും ഡല്‍ഹിയില്‍ ഈദ് ഷോപ്പിങ് കഴിഞ്ഞ് ബല്ലഭ്ഗഢിലെ വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴാണ് അക്രമം നടന്നത്. ദേശദ്രോഹികളെന്നും ബീഫ് തിന്നുന്നവരെന്നന്നും അധിക്ഷേപിച്ചായിരുന്നു മര്‍ദനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ