ചൈന: ഇന്ത്യ-റഷ്യ-ചൈന കൂടിക്കാഴ്ച്ചക്ക് മുന്നോടിയായി ചൈനയെ ബാലക്കോട്ട് ആക്രമണത്തിന് പിന്നിലെ കാരണം ധരിപ്പിച്ചു. സൈനിക നീക്കമായിരുന്നില്ലെന്നും ഭീകരാക്രമണത്ത ചെറുക്കാനായാണ് ആക്രമണം നടത്തിയതെന്ന് സുഷമ സ്വരാജ് ചൈനീസ് പ്രതിനിധിയെ അറിയിച്ചു. പാക്കിസ്ഥാന്‍ ഇന്ത്യ നല്‍കിയ മുന്നറിയുപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് എത്തിയതെന്നു സുഷമ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ അറിയിച്ചു.

ഇപ്പോള്‍ നടത്തിയത് ജെയ്‌ഷെ മുഹമ്മദ് വീണ്ടും ഇന്ത്യയെ ആക്രമിക്കാതിരിക്കാനുള്ള പ്രതിരോധ നീക്കമാണെന്നും ഇനി ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടാകില്ലെന്നും രാജ്യം ഉത്തരവാദിത്വത്തോടെ തന്നെ മുന്നോട്ട് നീങ്ങുമെന്നും അവര്‍ വ്യക്തമാക്കി. തിരിച്ചടിയില്‍ സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നും സുഷമ പറഞ്ഞു.

പുല്‍വാമയില്‍ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും വിദേശകാര്യ മന്ത്രി ഓര്‍മ്മിപ്പിച്ചു.മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന പല വട്ടം എതിര്‍ത്തിരുന്നു.

അതേസമയം, അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം. മോട്ടാര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമിക്കുന്നത്. നൗഷോറ, മെന്തര്‍, പൂഞ്ച് മേഖലകളിലാണ് ആക്രമണം നടക്കുന്നത്.

ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും ശക്തമായ തിരിച്ചടി നടക്കുന്നുണ്ട്. തിരിച്ചടിയില്‍ അഞ്ച് പാക് പോസ്റ്റുകള്‍ തകർന്നിട്ടുണ്ട്. നിരവധി പാക് സെെനികർക്കും പരുക്കേറ്റതായാണ് റിപ്പോർട്ട്. അതേസമയം, വെടിവെപ്പ് സാഹചര്യത്തില്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും പ്രദേശ വാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വെെകിട്ട് ആറരയോടെ യാതൊരു പ്രകോപനവും കൂടാതെ പാക് സെെന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. അതേസമയം, ഷോപ്പിയാനില്‍ സെെന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. മൂന്ന് ഭീകരർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ