scorecardresearch

പദ്മശ്രീ തിരികെ നൽകും; ഗുസ്തി ഫെഡറേഷൻ ഇലക്ഷന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തയച്ച് ബജ്രംഗ് പൂനിയ

മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ അടുത്ത സഹായി സഞ്ജയ് സിംഗ് വ്യാഴാഴ്ച ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു

മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ അടുത്ത സഹായി സഞ്ജയ് സിംഗ് വ്യാഴാഴ്ച ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു

author-image
WebDesk
New Update
bajrang puniya

എക്സ്പ്രസ് ഫൊട്ടോ

ഡൽഹി: മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ലൈംഗിക പീഢന പരാതിയിലൂടെ വിവാദനായകനുമായി മാറിയ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ ഫെഡറേഷന്റെ തലപ്പത്തേക്കുള്ള കടന്നുവരവിൽ പ്രതിഷേധം കടുക്കുന്നു. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷണിന്റെ അടുത്ത അനുയായിയായ സജ്ഞയ് സിംഗിന്റെ വിജയമാണ് നേരത്തെ ബ്രിജ്ഭൂഷണിനെതിരായി സമര രംഗത്തുണ്ടായിരുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് കാരണം. ഏറ്റവും ഒടുവിൽ പുറത്തുവരുന്നത് ഗുസ്തി താരം ബജ്രംഗ് പുനിയ പ്രതിഷേധ സൂചകമായി തന്റെ പദ്മശ്രീ പുരസ്കാരം തിരികെ നൽകുന്നു എന്ന വിവരമാണ്.  പ്രതിഷേധ സൂചകമായി പൂനിയ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
 
“ഞാൻ എന്റെ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരികെ നൽകുന്നു. അത് പറയാനുള്ള കത്താണിത്. പ്രിയ പ്രധാനമന്ത്രി ജി, നിങ്ങളുടെ ആരോഗ്യം സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ പല ജോലികളിലും തിരക്കിലായിരിക്കും, പക്ഷേ രാജ്യത്തെ ഗുസ്തിക്കാരുടെ നിലവിലെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്താനാണ് ഞാൻ ഇത് എഴുതുന്നത്. ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഈ വർഷം ജനുവരിയിൽ രാജ്യത്തെ വനിതാ ഗുസ്തിക്കാർ പ്രതിഷേധം ആരംഭിച്ചിരുന്നത് നിങ്ങൾക്ക് അറിവുള്ളതാണല്ലോ. ഞാനും അവരുടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. സർക്കാർ ശക്തമായ നടപടി വാഗ്‌ദാനം ചെയ്‌തതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്” കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടിയ ഗുസ്തി താരം പ്രധാനമന്ത്രിക്കുള്ള കത്തിൽ വിശദീകരിച്ചു.

Advertisment

എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ ഉണ്ടായില്ല. അതിനാൽ ഡൽഹി പോലീസ് അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിനായി തങ്ങൾ ഏപ്രിലിൽ വീണ്ടും തെരുവിലിറങ്ങി. ജനുവരിയിൽ ബ്രിജ്ഭൂഷണിനെതിരായ  പരാതിക്കാരുടെ എണ്ണം 19 ആയിരുന്നെങ്കിൽ ഏപ്രിലിൽ അത് 7 ആയി ചുരുങ്ങി. ഇതിനർത്ഥം ബ്രിജ് ഭൂഷൺ തന്റെ സ്വാധീനം ഉപയോഗിച്ച് മറ്റ് 12 ഗുസ്തിക്കാരെ അവരുടെ പ്രതിഷേധം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു എന്നതല്ലേയെന്നും കത്തിൽ പൂനിയ ചോദിക്കുന്നു.

“ഞങ്ങളുടെ പ്രതിഷേധം 40 ദിവസം നീണ്ടുനിന്നു. ആ ദിവസങ്ങളിൽ ഞങ്ങളുടെ മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ സമരസ്ഥലം നശിപ്പിക്കപ്പെട്ടു, കൂടുതൽ പ്രതിഷേധിക്കാൻ ഞങ്ങളെ അനുവദിച്ചില്ല. ഇനി എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ മെഡലുകൾ ഗംഗയിൽ മുക്കി. അതേ തുടർന്ന് കർഷക നേതാക്കളും പരിശീലകരും ചേർന്ന് ഞങ്ങളെ ആ നീക്കത്തിൽ നിന്നും തടഞ്ഞു. ആ സമയത്ത് നിങ്ങളുടെ മന്ത്രിസഭയിലെ ഒരംഗം ഞങ്ങളെ വിളിച്ച് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഞങ്ങൾ കണ്ടു, അദ്ദേഹവും ഞങ്ങൾക്ക് നീതി വാഗ്ദാനം ചെയ്തു. അതേ തുടർന്നാണ് ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്,” പൂനിയ വിശദീകരിച്ചു.

എന്നാൽ ഡിസംബർ 21ന് നടന്ന ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പിൽ ഫെഡറേഷൻ വീണ്ടും ബ്രിജ് ഭൂഷന്റെ കീഴിലായി. താൻ എപ്പോഴത്തേയും പോലെ ഫെഡറേഷനെ കീഴടക്കുമെന്ന് അദ്ദേഹം തന്നെ പറഞ്ഞു. കടുത്ത സമ്മർദ്ദത്തിനൊടുവിൽ സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Advertisment

“ഞങ്ങൾ രാത്രി മുഴുവൻ കണ്ണുനീർ പൊഴിച്ചു. എന്ത് ചെയ്യണം, എവിടേക്ക് പോകണം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. സർക്കാർ ഞങ്ങൾക്ക് ഒരുപാട് ആദരവുകൾ നൽകിയിട്ടുണ്ട്. 2019-ൽ എനിക്ക് പത്മശ്രീ നൽകി ആദരിച്ചു. അർജുന, ഖേൽരത്‌ന അവാർഡും എനിക്ക് ലഭിച്ചു. എനിക്ക് ഈ അവാർഡുകൾ ലഭിക്കുമ്പോൾ ഒരുപാട് അഭിമാനവും സന്തോഷവുമാണ് തോന്നിയിട്ടുള്ളത്.
എന്നാൽ ഇന്ന് സങ്കടം വലിയ ഭാരമായി മാറുന്നു. ന്യായമായും ലഭിക്കേണ്ടുന്ന നീതിയും സുരക്ഷും നിഷേധിക്കപ്പെട്ടതു മൂലം
ഒരു വനിതാ ഗുസ്തിക്കാരി കായികരംഗം ഉപേക്ഷിച്ചതാണ് അതിന് കാരണം”പൂനിയ വ്യക്തമാക്കി.

കായികരംഗം നമ്മുടെ വനിതാ അത്‌ലറ്റുകളെ ശാക്തീകരിക്കുകയും അവരുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നിവയുടെ ബ്രാൻഡ് അംബാസഡർമാരാകാൻ സാധ്യതയുള്ള സ്ത്രീകൾ ഇപ്പോൾ കായികരംഗത്ത് നിന്ന് പുറത്തുപോകുന്നതാണ് സ്ഥിതിയെന്നും ബജ്രംഗ് പൂനിയ തന്റെ കത്തിൽ കുറ്റപ്പെടുത്തുന്നു. വനിതാ ഗുസ്തി താരങ്ങൾ ഇത്ര നീചമായി അപമാനിക്കപ്പെടുമ്പോൾ തനിക്ക് പത്മശ്രീ അവാർഡ് ജേതാവായി ജീവിക്കാൻ കഴിയില്ലെന്നും അതിനാൽ താൻ ഈ അവാർഡ് പ്രധാനമന്ത്രിയെ തിരികെ ഏൽപ്പിക്കുന്നുവെന്നും പൂനിയ കത്തിൽ വ്യക്തമാക്കി.

വ്യാഴാഴ്ച,യാണ് മുൻ ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയായ സഞ്ജയ് സിംഗ്, ഏഴിനെതിരെ 40 വോട്ടുകൾക്ക് അനിത ഷിയോറനെ തോൽപ്പിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിന്നാലെ തന്നെ പ്രതിഷേധ സൂചകമായി വാർത്താ സമ്മേളനം വിളിച്ചുകൊണ്ടായിരുന്നു സാക്ഷി മാലിക് താൻ ഗുസ്തി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. 2016 റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായിരുന്നു സാക്ഷി മാലിക്. 

Narendra Modi Bajrang punia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: