ബെംഗലുരു: ഇത്തവണ ബെംഗലുരു നഗരത്തിൽ എവിടെയും പുതുവർഷാഘോഷം  നടത്താൻ അനുവദിക്കില്ലെന്ന് ബജ്റംഗ്‌ദൾ ഭീഷണി. രാജ്യ വിരുദ്ധമെന്നും ഹിന്ദു വിരുദ്ധമെന്നും കാരണം ചൂണ്ടിക്കാട്ടിയാണ് നവവത്സരാഘോഷം തടസപ്പെടുത്തുന്നത്.

നഗരത്തിലാകമാനം ബജ്റംഗ്‌ദൾ ഭീഷണി മുഴക്കിയിട്ടുണ്ട്. സ്ത്രീകളെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

“മദ്യ മാഫിയ സ്ത്രീകൾക്ക് പബുകളിൽ സൗജന്യ എൻട്രിയും സൗജന്യ ബിയറും വാഗ്‌ദാനം ചെയ്തിരിക്കുകയാണ്. രാജ്യമാകെ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം ശക്തമാണ്. ലക്ഷക്കണക്കിന് യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുകയും നല്ല രീതിയിൽ വസ്ത്രം ധരിക്കാതിരിക്കുകയും ചെയ്യും. ഇത് ഹിന്ദുത്വത്തെ തകർക്കാനുളള നീക്കമാണ്,” എന്നാണ് ബജ്റംഗ്‌ദൾ വ്യക്തമാക്കിയത്.

മദ്യം ഡിസംബർ 31 ന് രാത്രി ബെംഗലുരു നഗരത്തിൽ വിൽക്കരുതെന്നും ഹുക്ക ബാറുകളും പബുകളും പ്രവർത്തിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങൾക്ക് ഇവിടെ നിയമങ്ങളുണ്ട്. എന്നാൽ ഡിജെ പാർട്ടികൾ ഒരു മണി വരെയാണ് നടത്തുന്നതെന്നും പൊലീസ് എന്തിനാണ് നോക്കിനിൽക്കുന്നതെന്നും ബജ്റംഗ്‌ദൾ ചോദിക്കുന്നു.

അതേസമയം ഇത്തരം നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ ഡിസംബർ 31 ന് രാത്രി 15000 ത്തിലേറെ പൊലീസുകാരെ വിന്യസിക്കും.

കുറച്ച് വർഷങ്ങളായി ബെംഗലുരുവിൽ പുതുവർഷാഘോഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 2016 ൽ നിരവധി പേരാണ് പുതുവർഷ രാത്രിയിൽ ആക്രമിക്കപ്പെട്ടത്. 2017 ൽ നടി സണ്ണി ലിയോണിന്റെ പരിപാടി ഇവിടെ റദ്ദാക്കേണ്ടി വന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ