പട്‌ന: മാധ്യമ പ്രവർത്തകനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ‘ജയ്​ ശ്രീ റാം’ വിളിപ്പിച്ചതായി പരാതി. എൻഡിടിവിയിൽ മാധ്യമ പ്രവർത്തകനായ മുന്ന ഭാരതിയെയും കുടുംബത്തെയുമാണ്​ ബജ്​രംഗദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി ജയ്​ ശ്രീറാം ​എന്ന് വിളിപ്പിച്ചത്​. കാർ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രവർത്തകരുടെ പ്രകടനം.

ബിഹാറിലെ വൈശാലി ജില്ലയിലെ കരൺജി ഗ്രാമത്തിലൂടെ കുടംബത്തോടൊപ്പം യാത്ര ചെയ്യു​ന്പോഴായിരുന്നു മാധ്യമപ്രവർത്തകന് ദുരനുഭവമുണ്ടായത്​​. മുസാഫാർപുർ ദേശീയ പാതയിൽ കാർ പ്രവേശിച്ചപ്പോഴായിരുന്നു​ സംഭവം. ദേശീയപാതയിലെ ടോൾ ബുത്തിന്​ സമീപം യാത്രക്കാർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ട്രക്ക്​ പാർക്ക്​ ചെയ്​തിരിക്കുന്നത്​ ചോദ്യം ചെയ്​തപ്പോഴാണ്​ മാധ്യമ പ്രവർത്തകന്​ ദുരനുഭവമുണ്ടായത്​.

​എന്തിനാണ്​ ഇത്തരത്തിൽ തടസമുണ്ടാക്കി ട്രക്ക്​ പാർക്ക്​ ചെയ്​തതെന്ന്​ ചോദിച്ചപ്പോൾ അതിനടുത്തുണ്ടായിരുന്ന യുവാവ്​ ബജ്​രംഗദൾ പ്രവർത്തകരെ ഉപയോഗിച്ച്​ കാർ കത്തിക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ്​ നിർബന്ധിച്ച്​ ജയ്​ ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടതെന്നും മുസ്ലിമായ മുന്ന ഭാരതി പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് അനിയന്ത്രിതമായിരിക്കുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു ഈ സംഭവം. വരും തലമുറ ഇത്തരം ചെയ്തികളെ ചോദ്യം ചെയ്യുമെന്നും ഈയൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേകതാല്‍പര്യം എടുത്തേ മതിയാകൂവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ