ന്യൂഡല്‍ഹി: ആഗോളവിപണി ലക്ഷ്യമിട്ട് ബജാജ് ഓട്ടോ കമ്പനി ട്രയംഫ് മോട്ടോര്‍സൈക്കിളുമായി പങ്കാളിത്തത്തില്‍ പ്രവേശിച്ചു. ക്ഷമതയേറിയ മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തിനായാണ് ഇത്തരമൊരു കൂട്ടുകെട്ടിന് ബജാജ് മുന്നോട്ട് വന്നത്. ഇരു കമ്പനികളുടേയും മികവ് ഒന്നിപ്പിച്ച് ഇടത്തരം പ്രവര്‍ത്തന ക്ഷമതയുളള മികച്ച മോട്ടോര്‍ സൈക്കിളുകളുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനികള്‍ അറിയിച്ചു.

ഏത് തരത്തിലുളള ബൈക്കുകളാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ പരീക്ഷണമാകും ഇരു കമ്പനികളും ചെയ്യുക എന്നതില്‍ സംശയമില്ല. ട്രയംഫുമായുളള കൂട്ടുകെട്ട് ബജാജിന് ആഗോളവിപണിയില്‍ ശക്തമായ സാന്നിധ്യമാവാന്‍ സഹായകമാവും. കൂടാതെ ട്രയംഫിന്റെ മികച്ച ക്ഷമതയുളള ബൈക്കുകളുടെ മോഡലുകള്‍ പോലെയുളള മോഡലുകളുടെ ഉത്പാദനത്തിനും കമ്പനിക്ക് തടസ്സമുണ്ടാകില്ല.

ഇന്ത്യയില്‍ മികച്ച രീതിയില്‍ വിറ്റു പോകുന്ന മോഡലാണ് ട്രയംഫിന്റെ സ്ട്രീറ്റ് ട്വിന്‍. ക്ലാസിക്, റോഡ്സ്റ്റേഴ്സ്, ക്രൂസര്‍, അഡ്വെഞ്ചര്‍ എന്നീ ശ്രേണികളില്‍ മികച്ച ക്ഷമതയുളള ബൈക്കുകള്‍ ട്രയംഫ് വിപണിയില്‍ എത്തിക്കുന്നുണ്ട്. 675 സിസിയാണ് ട്രയംഫ് മോഡലുകളിലെ ഏറ്റവും കുറഞ്ഞ എഞ്ചിന്‍ ക്ഷമത (ട്രയംഫ് ഡൈറ്റോണ). ക്ലാസിക് ശ്രേണിയില്‍ ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ 900 സിസിയിലാണ് തുടങ്ങുന്നത്.

നേരത്തേ ഇന്ത്യയില്‍ കുറഞ്ഞ സിസി ബൈക്കുകള്‍ എത്തിക്കാന്‍ ട്രയംഫ് പദ്ധതി ഇട്ടിരുന്നു. എന്നാല്‍ നിലവിലുളള മോഡലുകള്‍ തന്നെ ഇന്ത്യന്‍ വിപണികളില്‍ നല്ല രീതിയില്‍ വില്‍പന നടക്കുന്നത് കൊണ്ട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ലേകത്താകമാനം ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയാണ് ബജാജ്. 100-110 സിസികളിലാണ് വാഹനങ്ങളുടെ കുറഞ്ഞ എഞ്ചിന്‍ ക്ഷമത. ബജാജിന്റെ പള്‍സര്‍ 150യാണ് 150 സിസിയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന ഇരുചക്രവാഹനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ