ലക്‌നൗ: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് ഇസ്‌ലാമും ഭഗവാനും തമ്മിലുളള യുദ്ധമാകുമെന്ന് ബിജെപിയുടെ ഉത്തർപ്രദേശ് എംഎൽഎ. ഭായ്റിയ എംഎൽഎ സുരേന്ദ്ര സിങ്ങാണ് വർഗീയത പടർത്തുന്ന പരാമർശവുമായി രംഗത്ത് വന്നത്. ഉത്തർപ്രദേശിൽ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഇസ്‌ലാമും ഭഗവാനും തമ്മിലുളള പോരാട്ടമാണ്. അതുകൊണ്ടാണ് സുഹൃത്തുക്കളേ ഞാൻ ചോദിക്കുന്നത്, ആരുടെ വിജയത്തിന് വേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കുക എന്ന്. ഇസ്‌ലാം ജയിക്കണോ ഭഗവാൻ ജയിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം. രണ്ട് പക്ഷത്തിന്റെ പോരാട്ടമാണിത്. ഒരു ഭാഗത്ത് ഇസ്‌ലാം അനുകൂലവാദികളും മറുവശത്ത് ഇന്ത്യയുടെ ഭാവിയുമാണ്. നിങ്ങൾ തീരുമാനിക്കൂ,” അദ്ദേഹം പറഞ്ഞു.

“പ്രതിപക്ഷത്തുളളവർ ദേശ വിരുദ്ധരാണ്. അവരുടെ വിശ്വാസം ഇസ്‌ലാമിലും അറബ് രാഷ്ട്രങ്ങളിലുമാണ്. മറ്റ് ചിലരുടേത് ഇറ്റലിയിലാണ്,” അദ്ദേഹം പറഞ്ഞു.

“നിങ്ങൾ കണ്ടിട്ടുണ്ടാകും ലോക്‌സഭയിൽ ഇരിക്കാൻ സമയമില്ലാതെ രാഹുൽ ഗാന്ധി രണ്ടാഴ്ചയിൽ ഒരിക്കൽ ഇറ്റലിയിലേക്ക് പോയത്. അദ്ദേഹത്തിന് നമ്മുടെ പാരമ്പര്യത്തിലല്ല, ഇറ്റലിയുടെ പാരമ്പര്യത്തിന് വേണ്ടി ചിലവഴിക്കാനേ സമയം ഉളളൂ,” അദ്ദേഹം പറഞ്ഞു.

ഇതേക്കുറിച്ചുളള ഇന്ത്യൻ എക്സ്‌പ്രസിന്റെ ചോദ്യത്തോട് എംഎൽഎ പ്രതികരിച്ചു. “2019 ലെ തിരഞ്ഞെടുപ്പ് ഹൈന്ദവ വിശ്വാസികളും ഇസ്‌ലാം വിശ്വാസികളും തമ്മിലുളള പോരാട്ടമാകുമെന്നാണ് ഞാൻ പറഞ്ഞത്. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബിഎസ്‌പി എല്ലാവരും ഒരു വശത്തുണ്ടാകും. എന്നാൽ രാമന്റെ പാർട്ടി… ബിജെപി മാത്രമായിരിക്കും മറുവശത്ത്,” അദ്ദേഹം വിശദീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ