ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഇന്ധന ടാങ്കറിനു തീപിടിച്ച് 123 പേർ വെന്തു മരിച്ചു. നൂറിലധികം പേർക്ക് പരുക്കേറ്റതായി ഡോൺ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. പഞ്ചാബ് പ്രവിശ്യയിലുളള ബഹവല്‍പൂരിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയയിൽ ഇന്നു പുലർച്ചെയായിരുന്നു അപകടം. തുറമുഖ നഗരമായ കറാച്ചിയിൽനിന്ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലഹോറിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്.

അമിത വേഗതയിലായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയും പിന്നീട് തീ പിടിക്കുകയായിരുന്നുവെന്നുമാണ് സൂചന. തീ അണയ്ക്കാനുളള ശ്രമം ഇപ്പോഴും തുടരുകയാണ്. മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കാന്‍ ശ്രമിച്ചവരാണ് കൂടുതലായും മരിച്ചതെന്ന് റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ആളുകളെ പൊലീസ് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇന്ധനം ശേഖരിക്കാൻ എല്ലാവരും തിക്കിത്തിരക്കുകയായിരുന്നു. ഇതിനിടയിൽ ടാങ്കറിനു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം.

അപകടത്തിൽ 12 കാറുകളും 12 മോട്ടോർ സൈക്കിളുകളും കത്തി നശിച്ചു. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിട്ടു നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ