റായ്പൂർ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ‘ലവ് ജിഹാദ്’ എന്നാരോപിച്ച്, മിശ്രവിവാഹങ്ങളെ തടയാനുള്ള നിയമനിർമാണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവും ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. ബിജെപി നേതാക്കള്‍ മിശ്ര വിവാഹം ചെയ്യുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന് ബാഗല് ചോദിച്ചു.
വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും സാമുദായിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമവുമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ച് പ്രതിപക്ഷ ഭരണകൂടങ്ങൾ നിർദ്ദിഷ്ട നിയമത്തിനെതിരെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഭൂപേഷ് ബാഗലിന്റെ പ്രതികരണം. ഇതരമതസ്ഥരെ വിവാഹം ചെയ്ത ബിജെപി നേതാക്കളായ സുബ്രഹ്മണ്യം സ്വാമി, മുക്താർ അബ്ബാസ് നഖ്വി എന്നിവർ ലവ് ജിഹാദിന്റെ പരിധിയിൽ വരുന്നതായി കണക്കാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
“ബിജെപിയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അവരുടെ നേതാക്കളും മക്കളും മറ്റു മതത്തിൽ നിന്നുള്ളവരെ വിവാഹം ചെയ്താൽ അത് ലവ് ജിഹാദിന്റെ പരിധിയിൽ വരുമോ,” ബാഗേൽ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെ ഉന്നയിച്ച സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ലവ് ജിഹാദ് എന്ന് അദ്ദേഹം സൺഡേ എക്സ്പ്രസിനോട് പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർമാരെ ഭിന്നിപ്പിക്കാനും ഹിന്ദു വോട്ടർമാരെ ആകർഷിക്കാനും അവർ ആഗ്രഹിക്കുന്നു.
വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇതിനകം നിയമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഈ പുതിയ നിയമം ഒരു രാഷ്ട്രീയ നീക്കം മാത്രമാണ്. എത്ര ആളുകളുടെ വിവാഹങ്ങൾ അവർ പരിശോധിക്കും? അവർ വിവാഹങ്ങൾ സൂക്ഷ്മപരിശോധന നടത്തുകയാണെങ്കിൽ, സ്വന്തം പാർട്ടി അംഗങ്ങളുടെ കാര്യത്തിലും ഇത് ചെയ്യുമോ?” ബാഗൽ ചോദിച്ചു.
രാജ്യത്തെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി സൃഷ്ടിച്ചെടുത്ത വാക്കാണ് ലൗ ജിഹാദ് എന്ന് രാജസ്ഥാന് മുഖ്യന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലൗ ജിഹാദ് എന്നൊന്നില്ലെന്ന് വ്യക്തമായിട്ടും രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനുമായി ബിജെപി ഇത് ഉപയോഗിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ ഗെലോട്ടിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ‘ലൗ ജിഹാദ്’ കാരണം ‘ആയിരക്കണക്കിന് യുവതികള്‍’ കുടുങ്ങിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞത്.