ദുബായ്: പാക്കിസ്ഥാനി യുവാവിന്റെ കൊലപാതകത്തെ തുടർന്ന് വധശിക്ഷ കാത്ത് കിടന്ന പത്ത് ഇന്ത്യൻ യുവാക്കൾക്ക് മോചനം. പഞ്ചാബ് സ്വദേശികളായ പത്ത് ഇന്ത്യക്കാരെയാണ് യുഎഇ യിലെ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ഇവർക്ക് കള്ളവാറ്റ് നടത്തിയതിന് ആറ് മുതൽ മൂന്ന് വർഷം വരെ തടവ് ലഭിച്ചു. ശിക്ഷാ കാലയളവിനേക്കാൾ കൂടുതൽ വിചാരണക്കാലത്ത് തടവിൽ കഴിഞ്ഞവരെ ഉടനടി വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ട് വർഷത്തിൽ കുറവ് കാലം ശിക്ഷ ലഭിച്ചവരെ വിട്ടയക്കാനാണ് കോടതി ഉത്തരവ്. ഇതിൽ കൂടുതൽ ശിക്ഷ ലഭിച്ചവർ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നാട്ടിലേക്ക് തിരിച്ചയക്കപ്പെടും. സത്‌മിന്ദർ സിംഗ്, ചന്ദ്ര ശേഖർ, ഹർജിന്ദർ സിംഗ്, കുൽവീന്ദർ സിംഗ്, ധരംവീർ സിംഗ്, തർസേം സിംഗ്, ഗുർപ്രീത് സിംഗ്, ജഗ്ജിത് സിംഗ്, ചാംകൗർ സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് വിട്ടയക്കപ്പെടുന്നത്. ഇതിൽ ചാംകൗറിനും ചന്ദ്ര ശേഖറിനും മൂന്നര വർഷമാണ് തടവ് ശിക്ഷ.

അതേസമയം സത്‌മിന്ദർ, ഗുർപ്രീത്, ധരംവീർ എന്നിവർക്ക് മൂന്ന് വർഷമാണ് തടവ് വിധിച്ചിരിക്കുന്നത്. ബൽവീന്ദർ, ഹർജീന്ദർ എന്നിവർക്ക് ഒന്നര വർഷവും ശേഷിച്ചവർക്ക് ഒരു വർഷവും ആണ് തടവ് ശിക്ഷ. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന് ദുബായിൽ ഹോട്ടൽ വ്യാപാരം നടത്തുന്ന എസ്.പി.സിംഗ് ഒബ്റോയി 60 ലക്ഷം രൂപ ചോരപ്പണം(കൊല്ലപ്പെടുന്നയാളിന്റെ ആശ്രിതരിൽ നിന്ന് മാപ്പ് ലഭിക്കുന്നതിന് നൽകുന്ന തുക) നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്.

പണം കൈപ്പറ്റിയ ശേഷം കേസിലെ പത്ത് പ്രതികളോടും താൻ ക്ഷമിച്ചതായി പാക് യുവാവിന്റെ അച്ഛൻ എഴുതി നൽകിയിരുന്നു. ശരീഅത്ത് നിയമപ്രകാരം പണം സ്വീകരിക്കാൻ അനുമതിയുള്ളതാണ് പഞ്ചാബ് സ്വദേശികൾക്ക് തുണയായത്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് വന്ന് ഗൾഫ് രാജ്യങ്ങളിൽ തടവിലാക്കപ്പെട്ട 80 ലേറെ പേരെ വിവിധ കേസുകളിൽ ഒബ്റോയി പുറത്തെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 26 നാണ് യുഎഇയിലെ അൽ എയിൻ സിറ്റി കോടതി പത്ത് പേർക്കും വധശിക്ഷ ചുമത്തിയത്. പത്ത് യുവാക്കളുടെയും കുടുംബങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒബ്റോയി കേസിൽ ഇടപെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ