മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെടുമ്പോൾ മോഷെ ഹോഡ്സ്ബർഗിന് 2 വയസ്സ് തികഞ്ഞിട്ടില്ല. 9 വർഷങ്ങൾക്കുശേഷം മുംബൈയിൽ മടങ്ങിയെത്തിയിരിക്കുകയാണ് മോഷെ. ഇന്ന് അവന് 11 വയസ്സാണ്.
സൗത്ത് മുംബൈയിലെ ചബാദ് ഹൗസിൽ ഭീകരർ നടത്തിയ വെടിവയ്പിലാണ് മോഷെയുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടത്. അന്ന് മോഷെയെ ഭീകരരിൽനിന്നും രക്ഷപ്പെടുത്തിയത് ആയ സാന്ദ്ര സാമുവൽ ആയിരുന്നു. 9 വർഷങ്ങൾക്കുശേഷം മുംബൈയിൽ മടങ്ങിയെത്തിയ മോഷെയ്ക്ക് ഒപ്പം ആയയും മുത്തച്ഛനും മുത്തശ്ശിയുമുണ്ട്.
”ഇന്ന് വളരെ പ്രധാനപ്പെട്ടൊരു ദിവസമാണ്. മുംബൈയിൽ മോഷെയ്ക്ക് വീണ്ടും വരാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു. മുംബൈ ഇന്ന് മുൻപത്തെക്കാൾ കൂടുതൽ സുരക്ഷിതമാണ്” മോഷെയുടെ മുത്തച്ഛൻ പറഞ്ഞു. മോഷെയ്ക്ക് 13 വയസ്സ് തികയുമ്പോൾ മുംബൈ സന്ദർശിക്കണമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ത് സന്ദർശിച്ചപ്പോൾ മോഷെയെ ഇന്ത്യ സന്ദർശിക്കാൻ നേരിട്ട് ക്ഷണിച്ചു. തുടർന്നാണ് മോഷെയ്ക്ക് 13 വയസ്സ് തികയുന്നത് കാത്തുനിൽക്കാതെ കുടുംബം ഇന്ത്യയിൽ എത്തിയത്.
മുംബൈയിൽ എത്തിയ മോഷെ താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യയും സന്ദർശിച്ചശേഷമായിരിക്കും ഇന്ത്യയിൽനിന്നും മടങ്ങുക.