വാഷിങ്ടൺ: ഗർഭനിരോധന ഉപകരണം കയ്യിൽ പിടിച്ചുകൊണ്ടുളള നവജാത ശിശുവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രം കണ്ട പലരും ഗർഭനിരോധന ഉപകരണം കയ്യിൽ പിടിച്ചാണ് കുഞ്ഞു ജനിച്ചതെന്ന് വാർത്ത നൽകി. എന്നാൽ നിജസ്ഥിതി അതായിരുന്നില്ല.

ഗര്‍ഭനിരോധന ഉപകരണം അമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്നു ഉണ്ടായിരുന്നത്. പ്രസവസമയം ഡോക്ടര്‍മാര്‍ അത് കണ്ടെടുക്കുകയും ചെയ്തു. ”നഴ്സാണ് എന്റ മകന്റെ കയ്യിൽ ഗർഭനിരോധന ഉപകരണം വച്ചത്. അതിനുശേഷമാണ് ഫോട്ടോയെടുത്തത്. എന്റെ സുഹൃത്ത് ഈ ചിത്രം ഷെയർ ചെയ്തു. ചിത്രം ഇത്രയും വൈറലാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും” കുഞ്ഞിന്റെ അമ്മ ലൂസി ഹെയ്‌ലൻ ഫസ്റ്റ് കോസ്റ്റ് ന്യൂസിനോട് പറഞ്ഞു.

ഏപ്രിൽ 27 നാണ് ഡസ്റ്റർ ജനിക്കുന്നത്. കുഞ്ഞുണ്ടായതിനു പിന്നാലെ ‘മൈ ബേബി ബോയ്’ എന്ന അടിക്കുറിപ്പോടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. എന്നാൽ ചിത്രം സൂക്ഷിച്ചു നോക്കിയപ്പോഴാണ് മറ്റൊരു കാര്യം വ്യക്തമായത്. ഡസ്റ്റർ കയ്യിൽ ഗർഭനിരോധന ഉപകരണം ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഗർഭനിരോധന ഉപകരണം കയ്യിൽ പിടിച്ച് ജനിച്ച നവജാത ശിശു എന്ന തരത്തിൽ വാർത്തകൾ വന്നത്.

മൂന്നു കുഞ്ഞുങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലായിരുന്നു ലൂസിയും ഭര്‍ത്താവും. ഇതേത്തുടർന്നാണ് ഗർഭനിരോധന ഉപകരണം ധരിച്ചത്. ശാരീരികബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടത്തിയ ചെക്കപ്പിലാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഗർഭനിരോധന ഉപകരണം ഉണ്ടായിട്ടും ഗർഭം ധരിച്ചത് ദമ്പതികളെ അദ്ഭുതപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ