ജയ്പൂര്‍: ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാന്പത്തിക പരിഷ്കരണമായ ചരക്ക് സേവനനികുതി (ജിഎസ്ടി)യിലേക്ക് രാജ്യം പ്രവേശിച്ചത് ജൂലൈ ഒന്നുമുതലാണ്. ജിഎസ്ടി പ്രാബല്യത്തിലായ ജൂണ്‍ 30 അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്നുകൊണ്ടിരിക്കെ രാജസ്ഥാനില്‍ ബിയാവറില്‍ ജനിച്ച ശിശുവിന് പേരിടാൻ മാതാപിതാക്കള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വവന്നില്ല. ‘ജിഎസ്ടി’ എന്ന് തന്നെ കുഞ്ഞിനേയും പേര് വിളിച്ചു.

ബിയാവറിലെ ‘ജിഎസ്ടി’യെ കുറിച്ച് ലോകം അറിഞ്ഞത് സംസ്ഥാനമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഇക്കാര്യം ട്വീറ്റ് ചെയ്തത് കുഞ്ഞ് ജിഎസ്ടിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്നതോടെയാണ്. ജൂലൈ ഒന്ന് പിറന്ന് രണ്ട് സെക്കന്റുകള്‍ മാത്രം (00.00.02) പിന്നിട്ടപ്പോഴായിരുന്നു കുഞ്ഞിന്റെ ജനനം. ഈ സമയം പാര്‍ലമെന്റ് ഹാളില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്ത ജിഎസ്ടി ഉദ്ഘാടന ചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ഇനി ഒരു രാജ്യം ഒരു നികുതി എന്ന നിലയിലേക്ക് രാജ്യം മാറുകയാണെന്നും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ് ജിഎസ്ടി നടപ്പിലാകുന്നതെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിലെ ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. ജിഎസ്ടിയോടെ ഏറ്റവും സങ്കീർണ്ണമായ നികുതി വ്യവസ്ഥയെന്ന ദുഷ്പേരിൽ നിന്ന് രാജ്യം കരകയറിയിരിക്കുകയാണ്. പല നികുതികളിൽ നിന്ന് ഒറ്റ നികുതിയിലേക്ക് മാറുമ്പോൾ അത് ജനങ്ങളെയും വ്യാപാരികളെയും പല തരത്തിലാണ് ബാധിക്കുക.

അഞ്ച് സ്ലാബുകളിലായി 3%, 5%, 12%, 18%, 28% എന്നിങ്ങനെയാണ് നികുതി നിരക്കുകൾ. ഓരോ ഉൽപ്പന്നവും കൈമാറ്റം ചെയ്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം നികുതി ഈടാക്കിയിരുന്ന പഴയ സ്ഥിതി മാറി. ആദ്യ കൈമാറ്റത്തിൽ തന്നെ മുഴുവൻ നികുതിയും ഈടാക്കുന്നതോടെ ഉപഭോക്താവിന്റെ പക്കലെത്തുന്ന പല സാധനങ്ങളുടെയും വില കുറയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ