കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ എംപിയുമായ ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, രാജ്യസഭാ എംപി ഡെറക് ഒബ്രിയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
”മുന്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ ബാബുല്‍ സുപ്രിയോ ഇന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, രാജ്യസഭാ എംപി ഡെറിക് ഒബ്രിയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തൃണമൂല്‍ കുടുംബത്തില്‍ ചേര്‍ന്നു. അദ്ദേഹത്തെ വളരെ ഊഷ്മളമായി സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുന്നു!,” തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
അടുത്തിടെ നടന്ന പുന:സംഘടനയ്ക്കു തൊട്ടുമുന്പാണു സുപ്രിയോ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്. തുടര്‍ന്ന് ആഴ്ചകള്‍ക്കുശേഷം അദ്ദേഹം രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നത് പ്രഖ്യാപിച്ചിരുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ചില ബിജെപി നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് സുപ്രിയോ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ‘ആഭ്യന്തരകലഹം’ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര് രാഷ്ട്രീയ കക്ഷിയില്‍ ചേരാന്‍ തനിക്കു പദ്ധതിയില്ലെന്ന് അദ്ദേഹം തന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.