ന്യൂഡൽഹി: ബാബറി മസ്‌ജിദ് തകർത്ത കേസിൽ വിധി ഇന്ന്. കേസിലെ വിചാരണ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിക്കുക. മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖർ പ്രതിപട്ടികയിലുള്ള കേസാണിത്.

1992 ലാണ് അയോധ്യയിലെ ബാബറി മസ്‌ജിദ് തകർക്കുന്നത്. കേസിൽ ജീവിച്ചിരിക്കുന്നവരായ 32 പേരാണ് പ്രതിപട്ടികയിലുള്ളത്. എസ്.കെ.യാദവ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. കേസിലെ ജീവിച്ചിരിക്കുന്ന എല്ലാ പ്രതികളും വിധി പുറപ്പെടുവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ.യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എൽ.കെ.അദ്വാനി അടക്കമുള്ള ബിജെപി നേതാക്കൾക്ക് ബാബറി മസ്‌ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Read Also: ‘ഒന്നര ലക്ഷം കര്‍സേവകര്‍, 2300 കോണ്‍സ്റ്റബിളുമാര്‍, ഒരൊറ്റ പളളി’: ബാബറി മസ്ജിദ് നിലംപൊത്തിയത് ഇങ്ങനെ

പ്രതിപട്ടികയിലുള്ള 32 പേരുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയതാണ്. രണ്ടാഴ്‌ച മുൻപാണ് പ്രോസിക്യൂഷൻ തങ്ങളുടെ വാദമുഖം കോടതിയിൽ സമർപ്പിച്ചത്. വിചാരണ സമയത്ത് 354 സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്. കേസിൽ ആകെ 49 പ്രതികളുണ്ടായിരുന്നു. ഇതിൽ 17 പേർ വിചാരണ കാലയളവിൽ മരിച്ചു.

1992 ഡിസംബര്‍ ആറിനാണ് ആയിരക്കണക്കിന് വരുന്ന കര്‍സേവകർ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബാബറി മസ്‌ജിദ് തകര്‍ക്കുന്നത്. അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടന്ന രഥ യാത്രയെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ ആരംഭിക്കുകയും തുടര്‍ന്ന് 1992 ഡിസംബര്‍ ആറിന് ബിജെപിയും വിഎച്ച്പിയും ചേര്‍ന്ന് നടത്തിയ കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍സേവകര്‍ ബാബറി മസ്‌ജിദിലേക്ക് പ്രവേശിക്കുന്നതും മസ്‌ജിദ് തകര്‍ക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook