scorecardresearch
Latest News

ബാബറി മസ്‌ജിദ് തകർക്കൽ; അഡ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ് എന്നിവരുടെ ഗൂഢാലോചനയെന്ത്?

ബാബറി മസ്ജിദ് ധ്വംസനകേസില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ട മുതിര്‍ന്ന ബിജെപി നേതാക്കളുടെ പങ്കെന്ത്? സീമ ചിസ്തി എഴുതുന്നു

babri masjid, lk advani, mm joshi, ashok singal
എൽ.കെഅദ്വാനി, അശോക് സിംഗൽ, എം എം ജോഷി (ഫയൽ​ഫൊട്ടോ:​ആർ. കെ. ശർമ്മ)

1992 ഒക്ടോബര്‍ എട്ടിന് സിബിഐ ഫയല്‍ ചെയ്ത കുറ്റപത്രം അടിസ്ഥാനമാക്കി സിബിഐ പ്രത്യേക കോടതി ബാബറി മസ്‌ജിദ്  തകർത്ത കേസില്‍ പുതിയ വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നീ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് ക്രിമിനൽ  ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നാണ് കോടതി നടത്തിയ നിരീക്ഷണം. 54 പേജുളള കുറ്റപത്രത്തില്‍ ബിജെപിയുടെ ഈ മുന്‍നിര നേതാക്കളുടെ പേര് പരാമര്‍ശിക്കുന്ന പേജുകളിൽ നിന്നുളള പ്രസക്ത ഭാഗങ്ങൾ.​

കല്യാണ്‍ സിങ്

Kalyan singh, Ayodhya,
കല്യാണ്‍ സിംഗ് തര്‍ക്ക ഭൂമിയില്‍

1991 ജൂണ്‍ 24നു ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായി അധികാരമേറ്റ കല്യാണ്‍ സിങ്, മുരളി മനോഹര്‍ ജോഷി, മന്ത്രിസഭയിലെ അംഗങ്ങള്‍, പാര്‍ട്ടിയുടെ എംഎൽ​എമാർ എന്നിവർ തർക്കഭൂമി സന്ദര്‍ശിക്കുന്നു. അവിടെവച്ച്, താന്‍ “ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ ശ്രീരാമക്ഷേത്രം നിര്‍മിക്കുക എന്നത് അനിവാര്യമാണ്’ എന്ന് കല്യാണ്‍ സിങ് പ്രഖ്യാപിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

പേജ് 28-29: യുവാക്കൾക്ക്  ഗുജറാത്തില്‍ നിന്നുമുള്ള ബജ്‌രംഗദളിന്റെ നേതൃത്വത്തിലുള്ള ആയുധപരിശീലനം ഏര്‍പ്പെടുത്തികൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഗൂഢാലോചന സജീവമായി നടക്കുന്നുണ്ടായിരുന്നു. 1991 ഒക്ടോബര്‍ 10നാണ് അവസാനദിന പരിശീലനം നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച 2.77 ഏക്കര്‍ ഭൂമി ‘ടൂറിസ വികസനത്തിനായി’ എന്ന പേരില്‍ കല്യാണ്‍ സിങ് കൈവശം വച്ചതാണെന്നും സിബിഐ ആരോപിക്കുന്നു.

പേജ് 39:  കല്യാൺ സിങ്  തർക്ക മന്ദിരമായ ബാബറി മസ്‌ജിദ്  സംരക്ഷിക്കും എന്ന ഉറപ്പ് ലംഘിച്ചുവെന്ന് മാത്രമല്ല, അതിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുന്നതിനായുള്ള ഗൂഢാലോചനകളില്‍ നിരന്തരം ഭാഗമാവുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു “ഈ വിഷയത്തില്‍ അതിന്‍റെ കടമകള്‍ നിറവേറ്റാന്‍ കഴിയാത്തതും വിഷയത്തിന്‍റെ ആഴവും വൈകാരികതകളും മനസ്സിലാക്കാന്‍ പറ്റാത്തത് ഏറെ പരിതാപകരമാണ്” എന്നാണ് 1992 ഡിസമ്പര്‍ 6നു പുറപ്പെടുവിച്ച സുപ്രീംകോടതി വിധിയും പറയുന്നത്.

Read More: ബാബ്റി മസ്‌ജിദ് കേസ് നാൾവഴി; ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക്

പേജ് 41: ഒരു കലാപമുണ്ടാവുകയാണ് എങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യത്തിനുള്ളതും അത്യാഹിതങ്ങള്‍ തടയുവാനുമുള്ള പ്ലാസ്റ്റിക്-റബ്ബര്‍ ബുള്ളറ്റുകളും ആയുധങ്ങളുമൊക്കെയായി കേന്ദ്ര അര്‍ധസൈനിക വിഭാഗം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് കല്യാണ്‍ സിങ്ങിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കും നല്ലപോലെ അറിയാമായിരുന്നു. എന്നിട്ടും അവരെ വിന്യസിപ്പിക്കാനായുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിരവധി തവണയായുള്ള അപേക്ഷകള്‍ നിരസിക്കുകയാണ് ഉണ്ടായത്. ഈ നടപടികളെ തഴയാനുള്ള കല്യാണ്‍ സിങ്ങിന്‍റെ തീരുമാനം ഗൂഢാലോചനയുടെ ഭാഗവും കുറ്റകൃത്യത്തെ രൂപകല്‍പന ചെയ്യലുമാണ്.

പേജ് 45: ബാബറി മസ്‌ജിദ്  തകര്‍ക്കുന്നതില്‍ തനിക്കുള്ള പങ്ക് വിളിച്ചോതിക്കൊണ്ടുള്ള പൊതു പ്രസംഗങ്ങള്‍ കല്യാണ്‍ സിങ് നടത്തിക്കൊണ്ടിരുന്നു. 1993 മെയ് അഞ്ചിന്  പുറപ്പെടുവിച്ച കുറ്റപത്രപ്രകാരം, ബരബങ്കിയില്‍ വച്ച് കല്യാണ്‍ സിങ് നടത്തിയ പ്രസംഗത്തില്‍ “വെടിയുതിര്‍ക്കരുത് എന്ന നിര്‍ദ്ദേശം നല്‍കിയത് ഞങ്ങളാണ്. അതിനാല്‍ തന്നെ ഭരണകര്‍ത്താക്കളില്‍ ഒരാള്‍ പോലും കുറ്റക്കാരല്ല ” എന്നാണ് പറഞ്ഞത്.

“തർക്കമന്ദിരം” സംരക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന പേരില്‍ അവര്‍ ഒട്ടും തന്നെ ദുഃഖിക്കുന്നില്ല. കാരണം അത് 464 വർഷം പഴക്കമുള്ള അടിമത്വത്തിന്‍റെ ചിഹ്നമാണ്” എന്നാണ് 1993 മെയ് 28നു ലക്‌നൗവിൽ കല്യാണ്‍ സിങ് പ്രസംഗിച്ചത്.

Advani, Ayodhya, Rata yatra
അദ്വാനി നയിച്ച രഥയാത്ര

എൽ.കെ.അഡ്വാനി
പേജ് 37: 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ ഭജനയും കീര്‍ത്തനവും പാടുക മാത്രമല്ല കര്‍സേവ നടത്തിക്കൊണ്ട് ശ്രീരാമക്ഷേത്രത്തിന്‍റെ പണിയും ആരംഭിക്കും എന്ന് അഡ്വാനി ഒന്നിലേറെ തവണ വികാരതീവ്രമായി ആവര്‍ത്തിക്കുന്നുണ്ട്.

‘ജന്‍സട്ട’യോട് നടത്തിയ സംഭാഷണത്തില്‍ “നിയമം കൈയ്യില്‍ എടുത്തുകൊണ്ടായാലും അയോധ്യയില്‍ ബിജെപി ശ്രീരാമക്ഷേത്രം പണിയും” എന്ന് അഡ്വാനി ഉറപ്പിച്ചുപറയുന്നു. ബാബ്റി മസ്‌ജിദ്  തകര്‍ക്കുവാനുള്ള അവസാന തീരുമാനമെടുക്കുന്ന രഹസ്യ യോഗം നടന്നത് 1992 ഡിസംബര്‍ അഞ്ചിനു വിനോദ് കത്യാറിന്‍റെ വീട്ടില്‍ വച്ചാണ്. യോഗത്തില്‍ അഡ്വാനിയും പവന്‍ പാണ്ഡ്യയും പങ്കുചേര്‍ന്നിരുന്നു.

പേജ് 40: ബാബറി മസ്‌ജിദ് തകര്‍ത്ത അന്നേ ദിവസം തകര്‍ക്കുന്നതിനും കുറച്ചു സമയം മുന്നേ അതിനു മുന്നില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ “ഇന്ന് കര്‍സേവയുടെ അവസാന ദിവസമാണ്. ഇന്നാണ് കര്‍സേവകര്‍ അവസാനത്തെ കര്‍സേവ നടത്തുന്നത്” എന്നു പറയുകയുണ്ടായി.

ബാബറി മസ്‌ജിദ് തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ കേന്ദ്ര സേന അവിടേയ്ക്ക് എത്തുന്ന വിവരം ലഭിച്ചതായി അറിയിക്കുന്നത് അഡ്വാനിയാണ്. “കേന്ദ്രസേന ഫൈസാബാദില്‍ നിന്നും അയോധ്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്” എന്നും “അവരെ നമ്മള്‍ ഭയക്കേണ്ടതില്ല” എന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം സേനയെ തടുക്കുവാനായി ജനങ്ങളോട് ദേശീയ പാത തടയുക എന്ന നിര്‍ദ്ദേശം നല്‍കുന്നതും അഡ്വാനിയാണ്.

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായ കല്യാണ്‍ സിങ്ങിന് ബാബറി മസ്‌ജിദ് തകര്‍ക്കുന്നത് വരെ രാജിവയ്ക്കരുത് എന്ന നിര്‍ദ്ദേശം നല്‍കുന്നതും അഡ്വാനിയാണ്.

ഉമാ ഭാരതി
പേജ് 43: 1992 ഡിസംബര്‍ 6ന്, “ഒരു തള്ളല്‍ കൂടി വച്ചുകൊടുത്തുകൊണ്ട് ബാബറി മസ്ജിദ് തകര്‍ക്കൂ” എന്ന്

Murali manohar joshi, Uma Bharati, Ayodhya
മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും തര്‍ക്കഭൂമിയില്‍

ഉമാഭാരതി ആക്രോശിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. “മസ്ജിദ് പൊളിച്ചു തകര്‍ക്കൂ, ക്ഷേത്രം പണിയൂ. ബാബറിന്‍റെ മക്കളെ പാക്കിസ്ഥാനിലേക്ക് അയക്കൂ ” എന്നും ഉമാഭാരതി ആക്രോശിച്ചു.

1992 ഡിസമ്പര്‍ അഞ്ചിന് “കര്‍സേവ എന്നാല്‍ മനസ്സിലാക്കേണ്ടത് ഭജനവും കീര്‍ത്തനവും ആലപിക്കുക എന്നത് മാത്രമല്ല. കര്‍സേവയുടെ ഭാഗമായി ക്ഷേത്രനിർമ്മാണവും  ആരംഭിക്കേണ്ടതുണ്ട്. പൊളിച്ചുമാറ്റുന്ന ഓരോ കല്ലുകളേയും പ്രസാദമായി എടുത്തുകൊള്ളൂ” എന്ന് കര്‍സേവകരോട് ഉമാഭാരതി പറഞ്ഞു. “സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് തർക്കഭൂമിയില്‍ പുതുതായി ഒന്നും നിര്‍മിക്കരുത് എന്നാണ്. അല്ലാതെ ഒന്നും തകര്‍ക്കരുത് എന്നല്ല. അതിനാല്‍ തന്നെയാണ് രാജ്യത്തിന്റെ നെറ്റിയില്‍ നിന്നും ആ കരി തുടച്ചുനീക്കുന്നത് ” എന്നും ഉമാഭാരതി പറഞ്ഞു.

1993 സെപ്റ്റംബര്‍ 30 നു സില്‍ചാറിലൊരു പൊതുപരിപാടിയില്‍ വച്ച് “ബാബറി മസ്‌ജിദ്  ധ്വംസനം “മുന്‍കൂട്ടി തീരുമാനിച്ചൊരു പദ്ധതിയുടെ ഭാഗമാണ്” എന്നും “അതിന്‍റെ കേന്ദ്രവ്യക്തിയായ താനാണ് അത് തകര്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.” എന്നും ഉമാഭാരതി പ്രസംഗിച്ചിരുന്നു.

മുരളി മനോഹര്‍ ജോഷി
പേജ് 46: 1992 ഡിസംബര്‍  ഒന്നിന് മഥുരയില്‍ വച്ച് “അയോധ്യയില്‍ ക്ഷേത്രം പണിയുന്നത് തടുക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല” എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബാബറി ധ്വംസനത്തിന്‍റെ ദിവസം, വേദിയില്‍ ഇരുന്നുകൊണ്ട് കര്‍സേവകരെ പ്രോത്സാഹിപ്പിക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Babri masjid what l k advani uma bharti murli manohar joshi and kalyan singh are charged with