ന്യൂഡെൽഹി: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉമാഭാരതി കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം. ഇത് ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും കോടതി വിധി വലിയ കാര്യമാണെന്നും ധാര്‍മികമായി ഇനി ഉമഭാരതിക്ക് മന്ത്രിസ്ഥാനത്ത് എങ്ങനെ തുടരാനാകുമെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ജാ ചോദിച്ചു.എത്രയും വേഗം ഉമാഭാരതി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ കേന്ദ്രമന്ത്രി സഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് ഉമഭാരതി.

ഉമഭാരതി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധി.വിധിയുടെ പശ്ചാത്തലത്തില്‍ കല്യാണ്‍ സിംഗിനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2014 മുതല്‍ രാജസ്ഥാന്‍ ഗവര്‍ണറാണ് കല്യാണ്‍ സിംഗ്. നിലവില്‍ ഗവര്‍ണറായ കല്യാണ്‍ സിംഗിനെ തത്കാലം വിചാരണ ചെയ്യില്ലെന്ന് കോടതി അറിയിച്ചിരുന്നു. ഇവരെ ഗൂഢാലോചന കുറ്റത്തിൽ ഒഴിവാക്കിയ അലഹബാദ് കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ