ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാ ഭാരതിയും അടക്കമുള്ളവരെ ബാബ്റി മസ്ജിദ് തകർത്ത കേസിൽ വിചാരണ ചെയ്യാൻ സുപ്രീം കോടതി ബുധനാഴ്ച വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. 2 വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും യാതൊരു കാരണവശാലും കേസ് മാറ്റിവെക്കാൻ പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ കാലയളവിൽ ജഡ്ജിയെ സ്ഥലം മാറ്റാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കേസിന്റെ വിചാരണ റായ്ബറേലി കോടതിയിൽ നിന്നും ലക്നൗ കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

16ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബാബ്‌റി മസ്ജിദ് 1992 ൽ നൂറ് കണക്കിന് കർസേവകർ ചേർന്ന് തകർത്തതിനെ തുടർന്നാണ് ഈ കേസ് ജനിക്കുന്നത്. ഇത് ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന ന്യായവാദം ഉന്നയിച്ചായിരുന്നു പള്ളിക്കെതിരായ ആക്രമണം.

1528: മുഗൾ ഭരണ കാലഘട്ടത്തിലെ ചക്രവർത്തിയായിരുന്ന ബാബറുടെ നിർദ്ദേശപ്രകാരം മിർ ബാകിയാണ് അയോദ്ധ്യയിൽ ബാബ്റി മസ്ജിദ് നിർമ്മിച്ചത്. ഹിന്ദു ദൈവമായ ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്ര അവശിഷ്ടങ്ങൾക്ക് മുകളിലാണ് പള്ളി കെട്ടിപ്പൊക്കിയതെന്ന് ആരോപണം നിലനിന്നു.

1949: ഡിസംബർ അവസാനത്തിൽ പള്ളിക്ക് അകത്ത് ശ്രീരാമന്റെ ചിത്രം പ്രത്യക്ഷപ്പെടുന്നു. ഇത് സ്ഥാപിച്ചത് ഹിന്ദുക്കളാണെന്ന പ്രചാരണം ഉയർന്നതോടെ സംഘർഷം ഉടലെടുത്തു. സർക്കാർ ഈ പ്രദേശം സംഘർഷബാധിതമായി രേഖപ്പെടുത്തുകയും പള്ളിയുടെ കവാടം താഴിട്ട് അടയ്ക്കുകയും ചെയ്തു.

1950: അയോദ്ധ്യയിലെ രാം ജന്മഭൂമി ന്യാസിന്റെ തലവനായിരുന്ന മഹന്ത് പരമഹംസ് രാമചന്ദ്ര ദാസ് ഇവിടെ പ്രാർത്ഥിക്കാൻ അനുമതി ആവശ്യപ്പെട്ട് ഹർജി നൽകി. ഇത് അനുവദിച്ച കോടതി പള്ളിയുടെ മതിൽകെട്ടിന് പുറത്ത് പ്രാർത്ഥനയ്ക്ക് അനുമതി നൽകി.

1959: കേസിലെ പ്രധാന കക്ഷികളിലൊരാളായിരുന്ന നിർമോഹി അകോറ ഇവിടെ പ്രാർത്ഥനയ്ക്ക് അനുമതി തേടി വീണ്ടും കോടതിയെ സമീപിച്ചു.

1961: ഉത്തർപ്രദേശിലെ വഖഫ് സുന്നി സെൻട്രൽ ബോർഡ് പള്ളി നിലനിന്ന സ്ഥലം ശ്മശാനമായിരുന്നുവെന്ന വാദവുമായി പള്ളിക്ക് അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നു.

1984: പള്ളി നിലനിന്ന സ്ഥലം തങ്ങളുടേതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ വിശ്വ ഹിന്ദു പരിഷത്ത് ഒരു സമിതിക്ക് രൂപം നൽകി. എൽ.കെ.അദ്വാനിയായിരുന്നു ഇതിന്റെ മുഖ്യ പ്രചാരകൻ.

1986: ഫെബ്രുവരി ഒന്നിന് പള്ളിയുടെ കവാടം ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കുന്നതിനായി തുറന്നുകൊടുക്കണമെന്ന് ഫൈസാബാദ് ജില്ല കോടതി ഉത്തരവിട്ടു. ഇതേ തുടർന്ന് ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി മറുഭാഗത്ത് രൂപീകരിക്കപ്പെട്ടു

1989: മതിൽകെട്ടിനകത്ത് ശിലാസ്ഥാപനം നടത്തുന്നതിന് ഹിന്ദുക്കൾക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നൽകി. പിന്നാലെ കേസ് ഹൈക്കോടതിയിലേക്ക് മാറി.

1990: നവംബറിൽ എ.കെ.അദ്വാനിയുടെ രഥയാത്ര ബീഹാറിൽ തടഞ്ഞ്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വിപി സിംഗ് സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടി അധികാരത്തിലെത്തി.

1992: ഡിസംബർ ആറിന് രാജ്യത്താകമാനമുള്ള കർസേവകരുടെ വലിയ സംഘം ഇവിടെയെത്തി പള്ളി തകർത്ത് തത്സ്ഥാനത്ത് ക്ഷേത്രം പണിതു. പി.വി.നരസിംഹറാവു നയിച്ച കോൺഗ്രസ് സർക്കാർ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചു.

2003: മാർച്ച് അഞ്ചിന് അലഹബാദ് ഹൈക്കോടതി സ്ഥലത്ത് പുരാവസ്തു ഗവേഷകരോട് പഠനം നടത്തി, പള്ളിയുടെ ഭൂമിയാണോ, ക്ഷേത്ര ഭൂമിയാണോ ഇതെന്ന് നിശ്ചയിക്കാൻ ആവശ്യപ്പെട്ടു.

2003: ആഗസ്ത് 22 ന് പള്ളിയുടെ അവശിഷ്ടങ്ങൾക്ക് താഴെ പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് കരുതുന്ന ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

2003: ആഗസ്ത് 31 ന് ഈ റിപ്പോർട്ടിനെതിരെ അവകാശവാദവുമായി മുസ്ലിം വ്യക്തിനിയമ ബോർഡ് രംഗത്ത് വന്നു.

2010: ജൂലൈ 26 ന് പ്രശ്നം പരസ്പരം ഒത്തുതീർക്കാൻ കോടതി നിർദ്ദേശിച്ചെങ്കിലും ഇരുപക്ഷവും അതിന് തയ്യാറായില്ല.

2010: സെപ്തംബർ എട്ടിന് നടത്തിയ പ്രസ്താവനയിൽ ഹൈക്കോടതി കേസിലെ വിധി സെപ്തംബർ 24 ന് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി.

2010: സെപ്തംബർ 14 ന് വിധി പുറപ്പെടുവിക്കുന്നതിനെതിരെ റിട്ട് ഹർജി സമർപ്പിച്ചുവെങ്കിലും ഹൈക്കോടതി ഇത് തള്ളി.

2010: കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കണമെന്ന ആവശ്യം സുപ്രീം കോടതിയിൽ. ഇക്കാര്യം സെപ്തംബർ 28 ന് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

2010: സെപ്തംബർ 28 ന് നടത്തിയ പ്രസ്താവനയിൽ കേസിൽ വിധി പറയാൻ അലഹബാ് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

2010: തർക്ക വിഷയമായ സ്ഥലം മൂന്നായി ഭാഗിച്ച് സുന്നി വഖഫ് ബോർഡിനും നിർമോഹി അകാറയ്ക്കും റാം ലാല്ലയ്ക്കുമായി നൽകാൻ ഹൈക്കോടതി വിധിച്ചു.

2016: ഫെബ്രുവരി 26 ന് വിഷയത്തിൽ ഇടപെടാൻ ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. തർക്കം ഒത്തുതീർക്കാൻ കക്ഷികളുമായി ധാരണയിലെത്താനായിരുന്നു ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook