Babri Masjid demolition case: 1992-ലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറയുന്നതിന് സുപ്രീംകോടതി ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിക്ക് നല്കിയ സമയപരിധി സെപ്തംബര്‍ 30 വരെ നീട്ടി.
മുന്‍ ഉപ പ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്, ബിജെപി നേതാക്കളായ എംഎം ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി റിതംബര തുടങ്ങിയ 32 പേര് പ്രതികളായ കേസില്‍ ആണ് വിധി പറയുന്നതിന് സുപ്രീംകോടതി സിബിഐ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ ഓഗസ്റ്റ് 31 വരെയാണ സമയം അനുവദിച്ചിരുന്നത്.
വിചാരണ അന്തിമ ഘട്ടത്തിലാണെന്ന പ്രത്യേക ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് സുപ്രീംകോടതി വിധി പറയുന്നതിനുള്ള അന്തിമ തിയതി നീട്ടി നല്‍കിയത്.
Read Also: ഓഗസ്റ്റ് 5; പുതിയ ജനാധിപത്യത്തിന്റെ തറക്കല്ലിടല്‍
അയോധ്യയില്‍ പുരാതന രാമ ക്ഷേത്രം നിന്നിരുന്ന ഇടത്താണ് ബാബ്റി മസ്ജിദ് നിലനില്‍ക്കുന്നത് എന്ന് അവകാശപ്പെട്ട കര്‍സേവകരാണ് 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തത്. ആ സമയത്ത് രാമ ക്ഷേത്ര പ്രസ്ഥാനത്തെ നയിച്ചിരുന്നത് അദ്വാനിയും ജോഷിയും അടക്കമുള്ളവരാണ്.
354 സാക്ഷികളെ വിസ്തരിച്ചശേഷം ജൂണ്‍ അഞ്ച് മുതല്‍ ക്രിമിനല്‍ കുറ്റകൃത്യ നിയമം 313 പ്രകാരം പ്രതികളുടെ പ്രസ്താവകള്‍ സിബിഐ കോടതി രേഖപ്പെടുത്തുകയാണ്.
കഴിഞ്ഞ മാസം വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്വാനി കോടതിക്ക് മുന്നില്‍ പ്രസ്താവന നല്‍കുകയും മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പറയുകയും ചെയ്തിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് അദ്വാനിയെ പ്രതി ചേര്‍ത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കെ എം മിശ്ര കോടതിയില്‍ പറഞ്ഞിരുന്നു.
1992-ല്‍ മസ്ജിദ് തകര്‍ത്തശേഷം രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ക്ഷേത്രം തകര്‍ത്തുവെന്ന് ആരോപിക്കപ്പെടുന്ന കര്‍സേവകര്‍ക്കെതിരെ ഒരു എഫ് ഐ ആറും അദ്വാനി, ജോഷി, ഉമാഭാരതി തുടങ്ങിയ നേതാക്കള്‍ക്കെതിരെ കര്‍സേവകരെ കുറ്റത്തിന് പ്രേരിപ്പിച്ചുവെന്നതിന് മറ്റൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് 47 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പിന്നടത് മസ്ജിദ് തകര്‍ത്ത കേസായി മാറ്റി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയും പ്രതിയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പേര് ഒഴിവാക്കി.