ന്യൂഡൽഹി: അയോധ്യയിലെ തർക്കപ്രദേശത്തുനിന്നും നിശ്ചിത അകലത്തിൽ മുസ്‍ലിം ഭൂരിപക്ഷപ്രദേശത്ത് പളളി പണിയാമെന്ന് ഷിയാ വഖഫ് ബോര്‍ഡ്. രാമക്ഷേത്രവും മുസ്‌ലിം പളളിയും ഒരു സ്ഥലത്ത് ഉണ്ടായാൽ അത് സംഘർഷത്തിലേക്ക് നയിക്കുമെന്നും ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.

അയോധ്യ തർക്കം പരിഹരിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും നിയോഗിച്ച അംഗങ്ങൾ സമിതിയിൽ ഉണ്ടായിരിക്കണമെന്നും ബോർഡ് വ്യക്തമാക്കി. അയോധ്യ തര്‍ക്കത്തില്‍ വെളളിയാഴ്ച സുപ്രീംകോടതി പ്രത്യേക ബെഞ്ചിന് മുന്നില്‍ വാദം തുടങ്ങാനിരിക്കെയാണ് ഷിയാ വഖഫ് ബോര്‍‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഓഗസ്റ്റ് 11 ന് കേസ് വീണ്ടും പരിഗണിക്കും.

Read More: ബാബ്റി മസ്ജിദ് കേസ് നാൾവഴി: ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക്

അതേസമയം, ഷിയാ വഖഫ് ബോര്‍ഡിന്റെ ഈ ഇടപെടൽ ദൈവത്തിന്റെ പ്രവൃത്തിമൂലമാണെന്നാണ് താൻ കരുതുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചു. അയോധ്യ തർക്കവുമായി ബന്ധപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് തീർപ്പ് കൽപ്പിക്കണമെന്ന് നേരത്തെ സ്വാമി ആവശ്യപ്പെട്ടിരുന്നു.

16-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബാബ്‌റി മസ്ജിദ് 1992 ൽ നൂറ് കണക്കിന് കർസേവകർ ചേർന്ന് തകർത്തതിനെ തുടർന്നാണ് കേസിന്റെ തുടക്കം. ഇത് ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന ന്യായവാദം ഉന്നയിച്ചായിരുന്നു പള്ളിക്കെതിരായ ആക്രമണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook