ലഖ്‌നൗ: ബാബ്റി മസ്ജിദ് തകർത്ത സംഭവത്തിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമ ഭാരതി എന്നിവരോട് നേരിട്ട് ഹാജരാകാൻ പ്രത്യേക സിബിഐ കോടതി ആവശ്യപ്പെട്ടു. സിബിഐ കോടതി ജഡ്ജി എസ്.കെ.യാദവാണ് ഉത്തരവിട്ടത്.

ഇവരോടൊപ്പം ബിജെപി നേതാക്കളായ വിനയ് കത്തിയാർ, സാധ്വി റിതംബര, വിഷ്ണു ഹരി ദാൽമിയ എന്നിവരോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണ മാറ്റിവയ്ക്കാനോ, ഹാജരാകാൻ സാധിക്കില്ലെന്നോ കാണിച്ചുള്ള ഒരു അപേക്ഷയും പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെതിരായി ചുമത്തപ്പെട്ട കേസുകളിലെ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കേസിൽ 30 ന് തന്നെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.

ഏപ്രിൽ 30 നാണ് കേസിൽ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം നിലനിൽക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. ഇതേ തുടർന്ന് പ്രത്യേക സിബിഐ കോടതിയോട് കേസിൽ വാദം കേൾക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

കോടതി നടപടികൾ നീട്ടിവയ്ക്കരുതെന്നും രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ട്. റായ്ബറേലി കോടതിയിലായിരുന്ന വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റി മൂവർക്കുമെതിരായി ഒരുമിച്ച് വാദം കേൾക്കാനും സുപ്രീം കോടതിയാണ് നിർദ്ദേശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ