ലഖ്നൗ: ബാബ്റി മസ്ജിദ് തകർത്ത കേസിൽ എൽകെ അദ്വാനി അടക്കമുള്ളവർക്കെതിരെ ലഖ്നൗ പ്രത്യേക സിബിഐ കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും.
കഴിഞ്ഞ മാസമാണ് സുപ്രീം കോടതി പ്രത്യേക സിബിഐ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങാൻ ഉത്തരവിട്ടത്. കഴിഞ്ഞ അഴ്ച ഈ കേസുമായി ബന്ധപ്പെട്ട റായ് ബറേലി കോടതിയിൽ ഉണ്ടായിരുന്ന എല്ലാ ഫയലുകളും ലഖ്നൗ സെഷൻസ് കോടതി സ്കാൻ ചെയ്തിരുന്നു.
മസ്ജിദ് തകർത്ത സംഭവത്തിൽ കർസേവകർക്കെതിരായ ഒരു കേസ് ലഖ്നൗവിലെ സെഷൻസ് കോടതിയിൽ വാദം കേൾക്കുന്നുണ്ടായിരുന്നു. ഇതിന് പുറമേയാണ് ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് മുതിർന്ന ബിജെപി നേതാക്കളായ കേന്ദ്ര ജല വിഭവ ശേഷി മന്ത്രി ഉമ ഭാരതി, എൽകെ.അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കെതിരെ റായ് ബറേലി കോടതിയിൽ സമർപ്പിക്കപ്പെട്ടത്.
ഏപ്രിൽ 19 ന് പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീം കോടതി മുതിർന്ന ബിജെപി നേതാക്കൾക്കെതിരായ കേസിൽ വാദം കേൾക്കാൻ ഉത്തരവിട്ടത്. പ്രത്യേക സിബിഐ കോടതിയിൽ തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കാൻ ആവശ്യപ്പെട്ട കോടതി രണ്ട് വർഷത്തിനുള്ളിൽ കേസിൽ വവിധി പുറപ്പെടുവിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
“റായ് ബറേലി കോടതിയിൽ നിന്ന് ലഭിച്ച ഫയലുകൾ, അതിനോടൊപ്പം ഉള്ള ഇന്റക്സുമായി ഒത്തുനോക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. രേഖകൾ എല്ലാം ലഭിച്ചുകഴിഞ്ഞാൽ സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഈ നടപടികൾ പൂർത്തീകരിക്കും” എന്ന് രണ്ട് കേസുകളിലും സിബിഐ യുടെ പ്രത്യേക കൗൺസിലായിരുന്ന ലളിത് കുമാർ സിംഗ് പറഞ്ഞു.