ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് സംഘപരിവാര്‍ ശക്തമായി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് വാര്‍ഷിക ദിനത്തില്‍ അയോധ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

1992 ഡിസംബര്‍ ആറിനാണ് ആയിരക്കണക്കിന് വരുന്ന കര്‍സേവകർ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടന്ന രഥ യാത്രയെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും വര്‍ഗ്ഗീയ കലാപങ്ങള്‍ ആരംഭിക്കുകയും തുടര്‍ന്ന് 1992 ഡിസംബര്‍ ആറിന് ബിജെപിയും വിഎച്ച്പിയും ചേര്‍ന്ന് നടത്തിയ കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍സേവകര്‍ ബാബറി മസ്ജിദിലേക്ക് പ്രവേശിക്കുന്നതും മസ്ജിദ് തകര്‍ക്കുന്നതും.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയും സംഘപരിവാറും വിഷയം വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്ന സാഹചര്യത്തിലാണ് വാര്‍ഷിക ദിനം. വാര്‍ഷിക ദിനത്തിന് മുന്നോടിയായി എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ആത്മാഹുതി ചെയ്യുമെന്ന് വെല്ലുവിളിച്ച പരമഹന്‍സ് ദാസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇന്ന് ‘ശൗര്യ ദിവസ്’ ആയി ആചരിക്കാന്‍ വിഎച്ച്പി ആഹ്വാനം ചെയ്തിട്ടുണ്ട്. ദീപാവലി ദിനത്തിലേതിന് സമാനമായി മണ്‍ചിരാത് കത്തിക്കാനും വിഎച്ച്പി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ന് കരിദിനമായി ആചരിക്കാനാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്. അതേസമയം, ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം പുരാവസ്തു ഗവേഷകര്‍ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook