‘എന്തിനാണ് ഒരു മൂന്നു വയസ്സുകാരിയോടെ ഇത്ര ക്രൂരത? ഇതുവരെ ഉറപ്പിക്കുന്ന വാര്‍ത്തകളൊന്നും വന്നിട്ടില്ലല്ലോ. ഞങ്ങളുടെ സരസ്വതി ജീവിച്ചിരിപ്പുണ്ട് എന്നു വിശ്വസിക്കാന്‍ അത്രയും മതി.’ ബിഹാറില്‍ നേരത്തേ എന്‍ജിഒ നടത്തിക്കൊണ്ടിരുന്ന ബബിത കുമാരിയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്. ഷെറിന്‍ മാത്യൂസ് അവര്‍ക്ക് സരസ്വതിയാണ്.

അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മൂന്നുവയസുകാരി ഷെറിനെ ബിഹാറിലെ മദര്‍ തെരേസ ആനന്ദ് സേവാ സന്‍സ്തന്‍ എന്ന അനാഥാലയത്തില്‍ നിന്നാണ് വെസ്ലി മാത്യൂസും സിനി മാത്യൂസും രണ്ടുവര്‍ഷം മുമ്പ് ദത്തെടുക്കുന്നത്. അതുവരെ അവളെ നോക്കി വളര്‍ത്തിയത് അവിടുത്തെ സെക്രട്ടറിയായിരുന്ന ബബിതയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു നല്‍കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് എന്‍ജിഒ അടച്ചുപൂട്ടുകയായിരുന്നു.

‘ഞാനാണ് അവളെ വളര്‍ത്തിയത്. വെസ്ലിയും സിനിയും സരസ്വതിയെ ദത്തെടുക്കുന്ന സമയത്ത് 18 മാസം മാത്രമായിരുന്നു അവളുടെ പ്രായം. ചെറിയ വാക്കുകളൊക്കെ സംസാരിച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഗയയില്‍ ഉപേക്ഷിച്ച അവസ്ഥയിലാണ് അനാഥാലയത്തിലുള്ളവര്‍ അവളെ കണ്ടെത്തിയത്. മാതാപിതാക്കള്‍ ആരെന്ന് അറിയില്ല. അവളങ്ങനെ വാശിയുള്ള കുട്ടിയൊന്നും ആയിരുന്നില്ല. ഒരു പ്രശ്‌നവുമില്ലാതെ പാല് കുടിക്കാറുണ്ടായിരുന്നു.’ ബബിത പറഞ്ഞു.

പാല് കുടിക്കാന്‍ മടികാട്ടിയെന്നു പറഞ്ഞ് ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ മൂന്നുമണിക്കാണ് താന്‍ ഷെറിനെ വീടിനു പുറത്ത് നിര്‍ത്തിയതെന്ന് വെസ്ലി പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് കുട്ടിയെ കാണാതാകുകയും തൊട്ടടുത്ത ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ രണ്ടര ലക്ഷം ഡോളര്‍ കെട്ടിവച്ച് വെസ്ലി പിന്നീട് ജാമ്യത്തിലിറങ്ങി.

കഴിഞ്ഞദിവസമാണ് ഷെറിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം വീടിനടുത്തെ കലുങ്കിൽ നിന്നും കണ്ടെത്തിയത്. ഷെറിന്‍റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

കൊച്ചി സ്വദേശിയാണിയാള്‍. ഇവിടെയാണ് ഇയാളുടെ മാതാപിതാക്കളായ സാം മാത്യൂസും വത്സമ്മ മാത്യൂസും താമസിക്കുന്നത്. എന്നാല്‍ ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇരുവരും മറ്റെങ്ങോട്ടോ മാറി. ഇവരെ ഫോണില്‍ ബന്ധപ്പെട്ടോളും പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ തയാറായിരുന്നില്ല.

സാമിന്റേയും വത്സമ്മയുടേയും ഇളയ മകനായിരുന്നു വെസ്ലി. വെസ്ലി കുഞ്ഞിനെ ദത്തെടുത്തതു പോലും തങ്ങള്‍ക്കറിയില്ലെന്നാണ് കൊച്ചിയിലെ വീട്ടിലെ അയല്‍വാസികള്‍ പറയുന്നത്. വാര്‍ത്തയില്‍ വായിച്ചപ്പോഴാണത്രെ ഇവര്‍ കാര്യങ്ങള്‍ അറിയുന്നത്. വാര്‍ത്തകള്‍ കണ്ടപ്പോഴേ വെസ്ലിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്ന് കൗണ്‍സിലര്‍ എം.പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ താന്‍ വെസ്ലിയെയും മരുമകളെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഇരുവരും പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നുവെന്നുമാണ് വെസ്ലിയുടെ പിതാവ് പറഞ്ഞത്.

സിനി മാത്യൂസിനെതിരെ കേസൊന്നും ഉണ്ടായിരുന്നില്ല. സംഭവം നടക്കുമ്പോള്‍ അവര്‍ വീടികത്ത് ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും അതിനാല്‍ കുട്ടിയെ വെസ്ലി പുറത്താക്കിയത് അറിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്. ഇരുവരുടേയും നാലുവയസുള്ള മകളെ ശിശു സുരക്ഷാ സേവകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

രണ്ടുവര്‍ഷം കൂടുമ്പോള്‍ വെസ്ലിയും സിനിയും കുട്ടികള്‍ക്കൊപ്പം കൊച്ചിയിലെ വീട്ടില്‍ എത്താറുണ്ടായിരുന്നതായും അയല്‍വാസികള്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ