ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. സംഭവത്തിൽ ബിജെപി നേതാവ് എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരുൾപ്പടെ പ്രതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയാണ് നാളേക്ക് മാറ്റിയത്.

പ്രഥമ ദൃഷ്ട്യാ തന്നെ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെ സംശയത്തോടെയാണ് രണ്ടാഴ്ച മുൻപ് സുപ്രീം കോടതി നോക്കിക്കണ്ടത്. ഈ കേസിൽ എന്തോ “വിചിത്രമായത് ഉണ്ട്” എന്നാണ് കോടതി പറഞ്ഞത്. വിധി തെറ്റാണെന്ന് സംശയിക്കുന്നതായും അന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഈ നിരീക്ഷണം നടത്തിയ ജസ്റ്റിസ് രോഹിൻടൺ എഫ് നരിമാൻ വാദം കേൾക്കുന്ന ബെഞ്ചിൽ ഉണ്ടാകില്ലെന്നാണ് വിവരം.

കേസ് പരിഗണിക്കുന്നതിന് പി.സി.ഗോസെ, ദീപക് ഗുപ്ത എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിനെ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ജസ്റ്റിസ് നരിമാൻ ഈ ഡിവിഷൻ ബെഞ്ചിന്റെ ഭാഗമാകുമെന്ന് പി.സി.ഗോസെ പറഞ്ഞതായാണ് സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുന്ന സൂചന. നരിമാനെ സൂചിപ്പിച്ച് “എന്റെ സഹോദരൻ ഇവിടെയില്ല. വാദം ഭാഗികമായേ കേൾക്കൂ” എന്ന് ജസ്റ്റിസ് ഗോസെ പറഞ്ഞതായാണ് വിവരം.

അദ്വാനിയടക്കം 20 ബിജെപി നേതാക്കൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 153A (മതപരമായി സമൂഹത്തിൽ ശത്രുത പ്രചരിപ്പിക്കൽ), 153B (ദേശീയ ഐക്യം തകർക്കും വിധം അപവാദം പ്രചരിപ്പിക്കൽ), 505 (സമൂഹത്തിലെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ട് വ്യാജപ്രചരണവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കൽ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട ഭൂമി തർക്കം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ഡിവിഷൻ ബഞ്ച് സാധ്യത തേടിയിരുന്നു. കേസിൽ വേഗത്തിൽ വാദം കേൾക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയിൽ ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ച് അഭിപ്രായം ആരായാൻ ഹർജിക്കാരനോട് തന്നെ കോടതി ആവശ്യപ്പെട്ടു. കേസിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കഹാർ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ