ന്യൂഡൽഹി: ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠിന് നികുതിയിളവുമായി ആദായ നികുതി അപ്പലൈറ്റ് ട്രിബ്യൂണൽ (ഐടിഎടി). “നിരവധി പേർക്ക് മെഡിക്കൽ ആശ്വാസവും വിദ്യാഭ്യാസവും നൽകുന്ന ട്രസ്റ്റാണ് പതഞ്ജലി യോഗപീഠ്. ഇത്തരത്തിൽ മെഡിക്കൽ സേവനവും വിദ്യാഭ്യാസവും കൊടുക്കുന്നത് സേവനങ്ങളായാണ് കാണപ്പെടുന്നത്. അതിനാൽ ആദായ നികുതി വകുപ്പിന്റെ 11,12 സെക്ഷനുകൾ പ്രകാരം പതഞ്ജലിക്ക് നികുതിയിളവ് നൽകുന്നതായി ട്രിബ്യൂണൽ കോടതിയുടെ ഡൽഹി ബെഞ്ച് പറഞ്ഞു.

2006 ലെ ഐടി നിയമത്തിലെ ഭേദഗതി പ്രകാരം യോഗയെ സേവനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഐടിഎടിയുടെ വിധിയിൽ പറയുന്നു. വനപ്രസ്ത് ആശ്രമം പദ്ധതിയുടെ കീഴിൽ യോഗ പഠിക്കുന്നവർക്കായി താമസസൗകര്യമൊരുക്കാൻ 43.98 കോടി പതഞ്ജലി സ്വീകരിച്ചതിൽ തെറ്റല്ലെന്നും ട്രിബ്യൂണൽ പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യോഗ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് പതഞ്ജലി യോഗപീഠ്. യോഗയും ആയുർവേദവും പരിശീലിപ്പിക്കുക, ആയുർവ്വേദ മരുന്നുകൾ ഉണ്ടാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പതഞ്ജലി ചെയ്തു കൊണ്ടിരിക്കുന്നത്. ആചാര്യ ബാലകൃഷ്ണയാണ് പതഞ്ജലി യോഗപീഠിന്റെ ജനറൽ സെക്രട്ടറി.

ഹെർബൽ ടൂത്ത്പേസ്റ്റുകൾ, കോസ്മെറ്റിക്സ് തുടങ്ങി നിരവധി സാധനങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് പതഞ്ജലി. പതഞ്ജലിയുമായി ബന്ധപ്പെട്ട് മുഖ്യധാരയുലുളളത് ബാബാ രാം ദേവാണെങ്കിലും അദ്ദേഹത്തിന് ഈ സ്ഥാപനത്തിൽ ഒഹരികളില്ല. യോഗയുടെ പ്രചരണം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പതഞ്ജലിയുടെ മേൽനോട്ടം വഹിക്കുന്നത് ബാലകൃഷ്‌ണയാണ്. 5,000 ക്ളിനിക്കുകൾ, പതഞ്ജലി യൂണിവേഴ്സിറ്റി, യോഗ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സംരംഭങ്ങൾ പതഞ്ജലി യോഗപീഠിന് കീഴിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ