/indian-express-malayalam/media/media_files/uploads/2018/09/bab-ramdev.jpg)
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ദിനംപ്രതി കുതിക്കവേ സർക്കാർ അനുവദിച്ചാൽ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും നൽകാമെന്ന് ബാബ രാംദേവ്. സർക്കാർ അനുവദിക്കുകയും നികുതിയിൽ ഇളവ് നൽകുകയും ചെയ്താൽ പെട്രോളും ഡീസലും ലിറ്ററിന് 35-45 രൂപ നിരക്കിൽ നൽകാമെന്ന് ബാബ രാംദേവ് പറഞ്ഞു. എൻഡി ടിവി യൂത്ത് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാരിന്റെ പദ്ധതികൾ പലതും പ്രശംസനീയമാണ്. എന്നാൽ ചിലതിൽ തിരുത്തൽ ആവശ്യമാണ്. വില വർധന വലിയൊരു പ്രശ്നമാണ്. ഇതിൽ മോദി ശരിയായ നടപടികൾ സ്വീകരിക്കണം. മറിച്ചായാൽ വരുന്ന തിരഞ്ഞെടുപ്പിൽ മോദി സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബാബ രാംദേവ് പറഞ്ഞു. ഇന്ധനവിലയെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ പോക്കറ്റ് കാലിയാകുമെന്നും ബാബ രാംദേവ് പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുമോയെന്ന ചോദ്യത്തിന് ചെയ്യില്ലെന്നുമായിരുന്നു ബാബ രാംദേവിന്റെ മറുപടി. രാഷ്ട്രീയത്തിൽനിന്നും താൻ വിട്ടുനിൽക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ബാബ രാംദേവ് പ്രചാരണം നടത്തിയിരുന്നു.
പ്രധാനമന്ത്രിയെ വിമർശിക്കാനുളള മൗലികാവകാശം ജനങ്ങൾക്കുണ്ടെന്നും 'ക്ലീൻ ഇന്ത്യ' പോലെ മോദി കൊണ്ടുവന്ന നല്ല കാര്യങ്ങൾ ആരും മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.