ന്യൂഡൽഹി: ഇന്ധനവില വർധനവിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യോഗ ഗുരു ബാബ രാംദേവ്. രാജ്യത്തെ ഇന്ധനവിലവർധനവിലുള്ള അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകനോടാണ് രാംദേവ് കയർത്തത്.
ഹരിയാനയിലെ കർണാലിൽ നടന്ന ഒരു പരിപാടിയിലാണ് സംഭവം. 40 രൂപയ്ക്ക് പെട്രോളും 300 രൂപയ്ക്ക് പാചകവാതകവും തരുന്ന പാർട്ടിക്ക് വേണം ജനങ്ങൾ വോട്ട് ചെയ്യാൻ എന്ന് പറഞ്ഞ രാംദേവിന്റെ പഴയ അഭിപ്രായം ഓർമ്മിപ്പിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകൻ നിലവിലെ ഇന്ധനവില വർധനവിലെ അഭിപ്രായം ചോദിച്ചത്.
“അതെ, അത് ഞാൻ പറഞ്ഞതാണ്, അതിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും? ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കരുത്. നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ ഞാൻ നിങ്ങളുടെ കോൺട്രാക്ടർ ആണോ? ഒന്ന് മിണ്ടാതിരിക്കൂ, നിങ്ങൾ ഇനിയും ചോദിച്ചാൽ അത് അത്ര നല്ലതല്ല. ഇങ്ങനെ സംസാരിക്കരുത്, നിങ്ങൾ നല്ലൊരു അച്ഛന്റെയും അമ്മയുടെയും മകനാണെന്ന് കരുതുന്നു” വളരെ അസ്വസ്ഥനായി രാംദേവ് പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
നേരത്തെ പരിപാടിയിൽ, ഈ അസാധാരണ സമയത്ത് കൂടുതൽ ജോലി ചെയ്യണമെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു “സർക്കാർ പറയുന്നത് ഇന്ധനവില കുറവാണെന്നാണ്, അവർ ടാക്സ് എടുത്തില്ലേൽ എങ്ങനെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും, എങ്ങനെ ശമ്പളം നൽകും, എങ്ങനെ റോഡ് പണിയും? അതെ, സാമ്പത്തിക മാന്ദ്യം മാറണം, ഞാൻ സമ്മതിക്കുന്നു. പക്ഷേ ജനങ്ങൾ കൂടുതൽ ജോലി ചെയ്യണം. ഞാൻ പോലും രാവിലെ നാല് മണിക്ക് എഴുന്നേറ്റ് രാത്രി 10 വരെ പണിയെടുക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് ആറ് രൂപ 98 പൈസയും ഡീസലിന് ആറ് രൂപ 74 പൈസയാണ് കൂടിയത്.
Also Read: കേന്ദ്ര ജീവനക്കാരുടെ ഡിഎ മൂന്നു ശതമാനം വര്‍ധിപ്പിച്ചു; ജനുവരി ഒന്നു മുതല്‍ പ്രാബല്യം