ഹരിദ്വാര്‍: തന്നെ പോലെ ബ്രഹ്മചാരി ആയിരിക്കുന്നവരെ രാജ്യം ആദരിക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. വിവാഹം കഴിച്ചവരുടെയും  രണ്ടും മൂന്നും കുട്ടികളും ഉളളവരുടെയും വോട്ടവകാശം എടടുത്ത് കളയണമെന്നും അദ്ദേഹം പറഞ്ഞു. ഹരിദ്വാറില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ‘വിവാഹം കഴിച്ചവരടക്കം’ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ജനസംഖ്യാ വര്‍ധനവ് എന്നത് രാഷ്ട്രീയവും ദേശീയവുമായ പ്രശ്നമാണെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് ഇന്ത്യയുടെ ജനസംഖ്യ കുറവായിരുന്ന സമയം കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്നത് സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ഭാഗമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അന്ന് കൂടുതല്‍ കുട്ടികള്‍ വേണമെന്നത് ആവശ്യകതയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ പ്രസ്താവനകളിലൂടെ നേരത്തേയും രംഗത്ത് വന്നയാളാണ് ഇന്ത്യയിലെ പേരുകേട്ട വ്യവസായി കൂടിയായ യോഗാ ഗുരു രാംദേവ്. സ്വവര്‍ഗരതി അവസാനിപ്പിക്കാന്‍ യോഗയിലൂടെ പറ്റുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തേ ദളിതരേയും രാഹുല്‍ ഗാന്ധിയേയും ചേര്‍ത്ത് വിദ്വേഷ പ്രസംഗം നടത്തിയ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഹണിമൂണ്‍ ആഘോഷിക്കാനും പിക്നിക്കിനും വേണ്ടിയാണ് രാഹുല്‍ ഗാന്ധി ദളിതരുടെ വീട്ടില്‍ പോവുന്നതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook