ഹൈദരാബാദ്: ബാഹുബലി സിനിമയുടെ ബോക്സ് ഓഫീസ് വിജയം ആന്ധ്രാ പ്രദേശിന് കേന്ദ്രസഹായത്തെക്കാൾ കൂടുതൽ സഹായം നൽകിയെന്ന് തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ലോക്‌സഭ അംഗം ജയദേവ് ഗല്ല. ആന്ധ്രാപ്രദേശിനെ വിഭജിക്കുന്ന സമയത്ത് എൻഡിഎ സർക്കാർ നൽകിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ല. കഴിഞ്ഞ 4 വർഷത്തിനിടയിൽ ബിജെപി സർക്കാർ എന്താണ് ചെയ്തതെന്നും ഗല്ല ചോദിച്ചു.

കേന്ദ്ര സർക്കാർ ആന്ധ്രപ്രദേശിന് നൽകിയ ധനസഹായത്തെക്കുറിച്ചും ഗല്ല പരിഹസിച്ചു. കേന്ദ്രം നൽകിയതിനെക്കാൾ കൂടുതൽ പണം തെലുങ്ക് സിനിമ ബാഹുബലിയുടെ വിജയത്തിലൂടെ സംസ്ഥാനത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ബാഹുബലി- ദി കൺക്ല്യൂഷൻ സിനിമ ഇന്ത്യയിൽനിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നുമടക്കം 1,700 കോടിയാണ് വാരിക്കൂട്ടിയത്.

സംസ്ഥാനത്തെ പ്രത്യേക പദവിയിൽ ഉൾപ്പെടുത്തി ഗ്രാന്റ്, പുതിയ റെയിൽവേ സോൺ , പുതിയ തലസ്ഥാനമായ അമരാവതിയുടെ നിർമ്മാണത്തിനുളള ധനസഹായം എന്നിവ അടക്കം ബിജെപി സർക്കാർ നൽകിയ 19 വാഗ്‌ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല. ആന്ധ്രാപ്രദേശിലെ ജനങ്ങൾ വിഡ്ഢികളല്ലെന്നും സംസ്ഥാനം വിഭജിക്കുന്ന സമയത്ത് ബിജെപി നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ ജനങ്ങൾ അത് മറക്കില്ലെന്നും ഗല്ല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ