ചെന്നൈ : കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡിഎംകെയില്‍ അധികാരവടംവലി. ഡിഎംകെയിലേക്കുള്ള മടങ്ങിവരവ് സൂചിപ്പിച്ചുകൊണ്ട് റാലി നടത്താനൊരുങ്ങുകയാണ് അഴഗിരി.

സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന റാലിയെ ഡിഎംകെയ്‌ക്കുള്ള മുന്നറിയിപ്പ് എന്നാണ് അഴഗിരി വിശേഷിപ്പിച്ചത്. തന്റെ സാന്നിധ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാകും റാലി എന്ന് അഴഗിരി അവകാശപ്പെടുന്നു.

2014ലാണ് കരുണാനിധി അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. ഡിഎംകെയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എങ്കിലും തമിഴ്നാടിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായ ശക്തിയുണ്ട് അഴഗിരിക്ക്. പാര്‍ട്ടിയിലേക്കുള്ള തന്റെ മടങ്ങിവരവിന് തടസമായി നില്‍ക്കുന്നത് സ്റ്റാലിനാണ് എന്നാരോപിച്ചുക്കുന്ന അഴഗിരിയുടെ തീരുമാനം ഡിഎംകെയെ സമ്മര്‍ദത്തിലാക്കും.

സത്യാസന്ധരായ പാര്‍ട്ടി അണികള്‍ തന്റെ പക്ഷത്താണ് എന്ന് അഴഗിരി അവകാശപ്പെടുന്നുണ്ട്. തന്റെ പിന്‍ഗാമി സ്റ്റാലിനാണ് എന്ന് വ്യക്തമായി സൂചന നല്‍കികൊണ്ടായിരുന്നു കരുണാനിധി സ്റ്റാലിനെ പാര്‍ട്ടി വര്‍ക്കിങ് കമ്മറ്റി അദ്ധ്യക്ഷനാക്കുന്നത്.

കരുണാനിധിയുടെ മരണശേഷം ഡിഎംകെയില്‍ പൊട്ടിപുറപ്പെട്ടിരിക്കുന്ന ചേരിതിരിവ്‌ കലുഷിതമായ തമിഴ്‌നാട്‌ രാഷ്ട്രീയത്തെ വീണ്ടും വിവാദങ്ങളിലേക്ക് വലിചിഴക്കും എന്നാണ് കരുതപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook