ന്യൂഡല്‍ഹി: ലോക്‌സഭയെ ചൂടുപിടിപ്പിച്ച് സമാജ് വാദി പാര്‍ട്ടി എംപി അസം ഖാന്റെ വിവാദ പരാമര്‍ശം. ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ അസം ഖാനെതിരെ സഭയില്‍ പ്രതിഷേധമുയര്‍ന്നു. ഡപ്യൂട്ടി സ്പീക്കര്‍ രമാ ദേവിക്കെതിരെയാണ് അസം ഖാന്‍ ലോക്‌സഭയില്‍ വിവാദ പരാമര്‍ശം നടത്തിയത്. പിന്നീട് ലോക്‌സഭയില്‍ അരങ്ങേറിയത് ചൂടേറിയ വാക് പോര്.

മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് സംഭവം അരങ്ങേറുന്നത്. എനിക്ക് ഒരു അവസരം നല്‍കിയാല്‍ ഞാന്‍ നിങ്ങളില്‍ നിന്ന് കണ്ണുകളെടുക്കില്ല എന്ന് അസം ഖാന്‍ സഭ നിയന്ത്രിക്കുന്ന ഡപ്യൂട്ടി സ്പീക്കര്‍ രമാ ദേവിയെ നോക്കി പറഞ്ഞു. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ നിങ്ങളോട് സംസാരിക്കുന്നതായി എനിക്ക് തോന്നുന്നു എന്നും രമാ ദേവിയെ നോക്കി അസം ഖാന്‍ പറയുകയുണ്ടായി. ഇത് പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ബിജെപി എംപിയാണ് രമാ ദേവി.

Read Also: മുത്തലാഖ് ബില്‍ മതവുമായി ബന്ധപ്പെട്ടതല്ല: വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സര്‍ക്കാര്‍

ലോക്‌സഭയില്‍ ഈ രീതിയിലല്ല സംസാരിക്കേണ്ടതെന്ന് രമാ ദേവി തിരിച്ചുപറഞ്ഞു. ഈ പരാമര്‍ശം ഒഴിവാക്കണമെന്നും രമാ ദേവി അസം ഖാനോട് ആവശ്യപ്പെട്ടു. എന്നാല്‍, ന്യായീകരണവുമായി അസം ഖാന്റെ മറുപടിയെത്തി. നിങ്ങള്‍ വളരെ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ്. എന്റെ സഹോദരിയെ പോലെയാണ് നിങ്ങളെ ഞാന്‍ കാണുന്നതെന്നും രമാ ദേവിയോട് അസം ഖാന്‍ പറഞ്ഞു. പിന്നീടങ്ങോട് നിരവധി എംപിമാര്‍ അസം ഖാനെതിരെ രംഗത്തുവന്നു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും അസം ഖാനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അസം ഖാനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടു. അസം ഖാന്‍ പ്രയോഗിച്ച വാക്കില്‍ തെറ്റില്ലെന്നും എന്നാല്‍ സ്പീക്കര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അസം ഖാന്‍ അത് ചെയ്യണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

എന്നാല്‍, മാപ്പ് പറയാന്‍ അസം ഖാന്‍ തയ്യാറായില്ല. താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അസം ഖാന്‍ പറഞ്ഞു. പാര്‍ലമെന്റിന് നിരക്കാത്ത ഒന്നും താന്‍ പറഞ്ഞിട്ടില്ല. മോശമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കാനും തയ്യാറാണെന്ന് അസം ഖാന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook