ലക്നോ: പീഡനം ഉണ്ടാകാതിരിക്കാൻ സ്ത്രീകളെ വീടിനുള്ളിൽ തന്നെ ഇരുത്തണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ. ഉത്തർപ്രദേശിലെ റാംപൂരിൽ സ്ത്രീകളെ ലൈംഗീകമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി കുറ്റവാളികൾ തന്നെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിനെ കിറിച്ച് ആരാഞ്ഞപ്പോഴായിരുന്നു അസംഖാന്‍റെ വിവാദ പരാമർശം.

‘സ്ത്രീകൾ പുറത്ത് സുരക്ഷിതരല്ല. അതിനാൽ ഇക്കാര്യത്തിൽ അവർ തന്നെ കൂടുതൽ ശ്രദ്ധാലുക്കളാകണം. പെണ്‍കുട്ടികൾ അപകടം ഒഴിവാക്കാൻ ഇത്തരം സംഭവങ്ങൾ നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം, എത്രത്തോളം വീട്ടിലിരിക്കാമോ അത്രത്തോളം പീഡനങ്ങൾ കുറയും’ അസംഖാൻ പറഞ്ഞു.

യോഗി ആദിത്യനാഥിന്‍റെ ഭരണകാലത്ത് പീഡനങ്ങളും, കൊലപാതകങ്ങളും കൂടുതലാണ്. ക്രിമിനലുകൾക്ക് ഇത് അവരുടെ സർക്കാരാണ് എന്ന സന്ദേശമാണ് നൽകുന്നതെന്നും അസംഖാൻ കൂട്ടിച്ചേർത്തു.

രാംപൂർ ജില്ലയിൽ രണ്ട് സ്ത്രീകളെ പതിനാല് പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ വീഡിയോ ആണ് പുറത്ത് വന്നത്. ഇതിന്റെ വീഡിയോ ഇവർ പിന്നീട് സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷിച്ചവർക്കായി തിരച്ചിൽ നടത്തുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook