ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ട് പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്‍ലാമിന്റെ നേതാവ് മൗലാന ഫസ്ലുർ റഹ്മാന്റെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് പ്രതിഷേധക്കാർ വെള്ളിയാഴ്ച ഇസ്ലാമാബാദിൽ മാർച്ച് നടത്തി.
“നിങ്ങൾക്ക് രണ്ട് ദിവസമുണ്ട്, അതിൽ കൂടുതൽ ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല,” റഹ്മാൻ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ മിസ്റ്റർ ഖാൻ രാജിവച്ചില്ലെങ്കിൽ, പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ആളുകൾ ഇരച്ച് കയറുന്നത് തടയാൻ അദ്ദേഹത്തിന് സാധിച്ചു എന്ന് വരില്ലെന്നും റഹ്മാൻ മുന്നറിയിപ്പ് നൽകി.
Read More: വിസ, റജിസ്‌ട്രേഷന്‍ വേണ്ട; കര്‍താപുര്‍ തീര്‍ത്ഥാടകര്‍ക്ക് ഇളവുകളുമായി പാക്കിസ്താന്‍
നവാസ് ഷെരീഫ് ഇത് കേട്ടിട്ടുണ്ട്, അതുപോലെ ആസിഫ് സർദാരിയും. ഇപ്പോൾ, സർക്കാർ ഞങ്ങൾ പറയുന്നത് കേൾക്കണം,” റഹ്മാൻ വ്യക്തമാക്കി. പാക്കിസ്ഥാൻ ഭരിക്കാനുള്ള അവകാശം പാക്കിസ്ഥാനിലെ ജനതയ്ക്ക് മാത്രമേ സാധിക്കൂവെന്നും റഹ്മാൻ പറഞ്ഞു.
രാജ്യത്ത് സാമ്പത്തികപ്രതിസന്ധിയും കശ്മീർവിഷയവും കത്തിനിൽക്കെ ഇമ്രാൻസർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് റാലി. 2018-ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാണ് ഇമ്രാൻഖാൻ അധികാരത്തിലെത്തിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പ്രധാനമന്ത്രിയായതു മുതൽ ഇമ്രാൻ ഈ ആരോപണം നേരിടുന്നുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനിൽ വർധിക്കുന്ന ധനക്കമ്മിയും പണപ്പെരുപ്പവും പിടിച്ചുനിർത്താൻ ഇമ്രാൻസർക്കാരിന് കാര്യക്ഷമതയില്ലെന്നും അവർ ആരോപിക്കുന്നു.
ഒക്ടോബർ 27-ന് സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലുള്ള സോഹ്രാബ് ഗോതിൽനിന്നാരംഭിച്ച റാലി അഞ്ചാംദിവസമാണ് അന്തിമകേന്ദ്രമായ പെഷാവർ മോറിലെത്തിയത്. പ്രതിപക്ഷപാർട്ടികളായ പാകിസ്താൻ മുസ്‍ലിംലീഗ്-നവാസും (പി.എം.എൽ.എൻ.) പാകിസ്താൻ പീപ്പിൾസ് പാർട്ടിയും (പി.പി.പി.) മാർച്ചിനെ പിന്തുണച്ചു.
വ്യാഴാഴ്ച നടത്താനിരുന്ന ആസാദിമാർച്ച് ലഹോറിൽ തീവണ്ടിക്ക് തീപിടിച്ച് 74 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
ഇമ്രാന്റെ ദുർഭരണമാണ് രാജ്യത്തെ സാമ്പത്തികാവസ്ഥ തകിടം മറിക്കുകയും പാവപ്പെട്ടവരെ ദുരിതത്തിലാക്കുകയും ചെയ്തതെന്ന് ഫസലുർ റഹ്മാൻ പറഞ്ഞു. ഇമ്രാൻ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.പി.പി. നേതാവ് ബിലാവൽ അലി ഭൂട്ടോ, പി.എം.എൽ.എൻ. നേതാവ് ഷഹബാസ് ഷരീഫ് എന്നിവർ റാലിയിൽ പ്രസംഗിച്ചു.
“പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാൻ ഇമ്രാൻഖാന് സമയമായെന്ന വ്യക്തമായ സന്ദേശം നൽകാനാണ് പ്രതിപക്ഷപാർട്ടികളെല്ലാം ഒരുവേദിയിൽ ഒന്നിച്ചുചേർന്നത്. ഒരു ഏകാധിപതിക്കുമുന്നിൽ തലകുനിക്കാൻ ഞങ്ങൾ തയ്യാറല്ല. അധികാരത്തിന്റെ കേന്ദ്രം ജനങ്ങളാണ്, സർക്കാരല്ല” -ബിലാവൽ പറഞ്ഞു. അവസരം ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരംകാണുമെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു.