ന്യൂഡൽഹി: രാജ്യത്ത് ഹിന്ദി ഭാഷാ വാദം കൂടുതൽ ചൂടുപിടിക്കുന്നു. കേന്ദ്ര മന്ത്രാലയത്തിനു കീഴിലുള്ള ആയുഷ് വകുപ്പിലെ സെക്രട്ടറി ഹിന്ദി ഭാഷ വാദം ഉയർത്തിയതാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത്. ഹിന്ദി അറിയാത്തവർക്ക് യോഗത്തിൽ നിന്നു പോകാമെന്നാണ് ആയുഷ് സെക്രട്ടറി വെെദ്യ രാജേഷ് കൊട്ടേച്ച പറഞ്ഞത്. ഹിന്ദി മനസിലാക്കാൻ കഴിയാത്തവർക്ക് യോഗം ഉപേക്ഷിച്ച് പോകാമെന്ന് പറഞ്ഞ ആയുഷ് സെക്രട്ടറിയുടെ പ്രസ്‌താവനയ്‌ക്കെതിരെ നിരവധി പ്രമുഖർ രംഗത്തെത്തി.
യോഗ മാസ്റ്റര്‍ ട്രെയിനേഴ്‌സിനായി ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്‌റ്റിറ്റ‌്യൂട്ട് ഓഫ് യോഗയും ചേര്‍ന്ന് പ്രകൃതിചികിത്സ ഡോക്‌ടർമാർക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സിലാണ് ഹിന്ദി വാദം ഉയർന്നുവന്നത്. ഓഗസ്റ്റ് 18 മുതല്‍ 20 വരെയായിരുന്നു പരിപാടി. ഇതിൽ മൂന്നോറോളം പ്രകൃതിചികിത്സാ ഡോക്‌ടർമാർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവരിൽ 37 പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരായിരുന്നു.
Read Also: കൊറോണ വെെറസ് രണ്ട് വർഷത്തിനുള്ളിൽ നിയന്ത്രണവിധേയമാകും: ലോകാരോഗ്യസംഘടന
യോഗത്തിൽ കൂടുതൽ സമയവും ഹിന്ദിയിലായിരുന്നു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നതെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ഡെലഗേറ്റുകൾ പറയുന്നു. മൂന്നാംദിവസം കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേയാണ് ആയുഷ് സെക്രട്ടറി ഹിന്ദി മനസിലാകാത്തവർക്ക് യോഗം നിര്‍ത്തി പോകാമെന്ന് പറഞ്ഞത്. ഹിന്ദിയില്‍ സംസാരിച്ച സെക്രട്ടറിയോട് ഇംഗ്ലീഷില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഡോക്‌ടർമാർ സന്ദേശമയച്ചിരുന്നു. എന്നാൽ, തനിക്കു നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ഹിന്ദി മനസിലാകാത്തവർക്ക് മീറ്റിങ്ങിൽ നിന്നു പോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. ഇതോടെ പ്രസ്‌താവന വിവാദമായി.
തമിഴ്‌നാട്ടിൽ നിന്നുള്ള എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി ആയുഷ് സെക്രട്ടറിക്കെതിരെ രംഗത്തെത്തി. ആയുഷ് സെക്രട്ടറിയെ കേന്ദ്രം ഉടൻ പുറത്താക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. സെക്രട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും കനിമൊഴി ആവശ്യപ്പെട്ടിട്ടുണ്ട്.