scorecardresearch

അയോധ്യ ഭൂമി തർക്ക കേസ്: വാദം കേൾക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Babri, Ayodhya

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ തുടർവാദം കേൾക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. കേസിൽ വാദം കേൾക്കുന്നത് 2019 ലേക്ക് മാറ്റിവയ്ക്കണമെന്ന കപിൽ സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സുന്നി വഖഫ് ബോർഡിന് വേണ്ടിയാണ് കപിൽ സിബൽ ഹാജരായിരിക്കുന്നത്. മറ്റെല്ലാ ഹർജികളും തീർപ്പാക്കിയ ശേഷം ഭൂമിയുടെ അവകാശ തർക്കം തീർപ്പാക്കാമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

Advertisment

2019 ൽ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസിൽ വാദം കേൾക്കരുതെന്നാണ് കപിൽ സിബൽ ആവശ്യപ്പെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് അയോധ്യ കേസ് തീർപ്പാക്കണമെന്ന് ചിലർക്ക് നിർബന്ധമുണ്ടെന്നും കപിൽ സിബൽ വാദിച്ചു.

അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന 2018 ഒക്ടോബറിന് മുൻപ് കേസിൽ വാദം പൂർത്തിയാകില്ലെന്ന് മുസ്ലിം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ധവാൻ വാദിച്ചത് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചു. "ഈ കോടതിയിൽ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാ"മെന്ന് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.

ഭൂമിയുടെ അവകാശ തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തെളിവുകൾ മുഴുവനും ഹാജരാക്കിയില്ലെന്ന് കപിൽ സിബൽ വാദത്തിനിടെ പറഞ്ഞു. പിടിഐയാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂമിയുടെ അവകാശ തർക്കവുമായി ബന്ധപ്പെട്ട് അന്തിമ വാദം ആരംഭിച്ചപ്പോഴാണ് ഗുരുതരമായ ആരോപണവുമായി കപിൽ സിബൽ രംഗത്തെത്തിയത്.

Advertisment

അതേസമയം ഇതിനെ ഖണ്ഡിച്ച് ഉത്തർപ്രദേശ് സംസ്ഥാന സർക്കരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത വാദിച്ചു. എല്ലാ തെളിവുകളും റെക്കോർഡഡ് ആയി സൂക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് 19000 പേജുള്ള രേഖകൾ എങ്ങിനെയാണ് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കുകയെന്ന മറുചോദ്യം കപിൽ സിബൽ ഉന്നയിച്ചു. സുന്നി വഖഫ് ബോർഡിന് വേണ്ടിയാണ് കപിൽ സിബൽ കോടതിയിൽ ഹാജരായത്.

തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ വിധിക്കെതിരായ 13 അപ്പീലുകളിലാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം നിർമ്മിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും പകരം മുസ്ലിം പള്ളിക്കായി സ്ഥലം അനുവദിക്കണമെന്നുമാണ് ഷിയ വഖഫ് ബോര്‍ഡിന്റെ വാദം.

Read More: ബാബ്റി മസ്‌ജിദ് കേസ് നാൾവഴി; ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക്

അയോധ്യ തര്‍ക്കക്കേസിലെ അപ്പീലുകള്‍ ഏഴു വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസില്‍ ഹൈക്കോടതി മുന്‍പാകെയുള്ള 523 രേഖകള്‍ പരിഭാഷപ്പെടുത്തി സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 11ന് കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തര്‍ക്കപ്രദേശമായ 2.7 ഏക്കര്‍ മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ 13 അപ്പീലുകള്‍ മാത്രമാണ് കോടതി പരിഗണിക്കുക.

തര്‍ക്കപരിഹാരത്തിനായി ഷിയാ വഖഫ് ബോര്‍ഡ് നിര്‍ദേശം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദേശവും കോടതിയുടെ പരിഗണനയ്ക്ക് വരും. കേസില്‍ സമര്‍പിക്കപെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുബ്രഹ്മണ്യം സ്വാമിയെ കക്ഷി ചേര്‍ക്കാന്‍ വിസമ്മതിച്ച കോടതി മുഴുവന്‍ കക്ഷികളുടെയും വാദം കേട്ടശേഷം സ്വാമിയുടെ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Ayodhya Land Dispute Babri Masjid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: