ന്യൂഡൽഹി: അയോധ്യ തർക്കം ഉഭയസമ്മത പ്രകാരം പരിഹരിച്ച് ഈ വർഷം ഡിസംബറിൽ തന്നെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി. അയോധ്യയ്ക്ക് പകരം ലക്‌നൗവിൽ മുസ്‌ലിം പളളിയും നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രവും പളളിയും നിർമ്മിക്കാൻ കേന്ദ്രസർക്കാരിന്റെ ഓർഡിനൻസ് ഒന്നും വേണ്ടെന്നാണ് വേദാന്തി പ്രസ്താവിച്ചിരിക്കുന്നത്.  2019 ലെ പൊതു തിരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്ന് വേദാന്തി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

രാമക്ഷേത്ര നിർമ്മാണം നീണ്ട് പോകരുതെന്ന് ഇന്നലെ  ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി മുന്നറിയിപ്പ് നൽകിയിരുന്നു. 1992 ഡിസംബർ ആറിനാണ് കർസേവകർ ബാബ്റി മസ്ജിദ് തകർത്തത്. ഇതിനെ ഓർമ്മപ്പെടുത്തിക്കൊണ്ട്, രാമക്ഷേത്രം നിർമ്മിച്ചില്ലെങ്കിൽ 1992 ആവർത്തിക്കുമെന്നും ഭയ്യാജി ജോഷി പറഞ്ഞിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്രം രാജ്യത്താകമാനം ചർച്ചയാക്കാനും ജനഹിതം തങ്ങൾക്കനുകൂലമാക്കാനുമാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമമെന്നാണ് വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook