ന്യൂഡല്‍ഹി: അയോധ്യ കേസ് വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ വര്‍ധിപ്പിക്കുന്നതാണ് വിധിയെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പതിറ്റാണ്ടുകളായി നീണ്ടു നിന്ന വിഷയത്തില്‍ നീതിപൂര്‍ണമായി പരിഹാരത്തിലെത്തിയെന്ന് മോദി അഭിപ്രായപ്പെട്ടു.

ഇന്നത്തെ വിധിയിലേക്ക് എത്തുന്നതുവരെ ഇന്ത്യയിലെ നൂറ് കോടി ജനങ്ങൾ പുലര്‍ത്തിയ ശാന്തതയും സമാധാനവും ഇന്ത്യയുടെ സമാധാനത്തിനായുള്ള സഹവര്‍ത്തിത്വത്തിന്റെ തെളിവാണെന്നും മോദി പറഞ്ഞു. ഈ ഐക്യം രാജ്യത്തിന്റെ വികസനത്തിന് കരുത്താകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ സ്വാതന്ത്ര്യവും സുതാര്യതയും ക്രാന്തദൃഷ്ടിയും വെളിവാകുന്നതാണ് വിധിയെന്ന് മറ്റൊരു ട്വീറ്റില്‍ മോദി പറയുന്നു. ഏതൊരു തര്‍ക്കവും നിയമത്തിലൂടെ പരിഹരിക്കാമെന്ന് വിധി ബോധ്യപ്പെടുത്തുന്നുണ്ട്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരെന്ന് വിധി വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, വിധി ആരുടേയും ജയവും തോല്‍വിയുമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്ര വിധിയെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിധി എല്ലാ മതത്തിലും സമുദായത്തിലും ഉള്‍പ്പെട്ടവര്‍ അംഗീകരിക്കണമെന്നും ഒരു ഭാരതം, ശ്രേഷ്ഠ ഭാരതം, എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചരിത്രപരവും നാഴികക്കല്ലുമായ വിധിയെന്നുമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook