ന്യൂഡൽഹി: അയോധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രം നിർമിക്കുന്നതിനായി അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പുഃനപരിശോധന ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്. പുഃനപരിശോധന ഹർജി ഉൾപ്പടെയുള്ള കാര്യങ്ങളെകുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (AIMPLB) പറയുമ്പോഴാണ് നിലപാട് വ്യക്തമാക്കി സുന്നി ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.

ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയ്ർമാൻ സുഫാർ ഫരൂഖിയാണ് വിധിക്കെതിരെ ബോർഡ് പുഃനപരിശോധന ഹർജി സമർപ്പിക്കെല്ലെന്ന് വ്യക്തമാക്കിയത്. ” സുപ്രീംകോടതി വിധിക്കെതിരെ സുന്നി വഖഫ് ബോർഡ് പുഃനപരിശോധന ഹർജിയോ ക്യൂറേറ്റിവ് പെറ്റിഷനോ സമർപ്പിക്കില്ല,” ലഖ്നൗവിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഫരൂഖി പറഞ്ഞു.

Also Read: Ayodhya Verdict: അയോധ്യ കേസ്: സുപ്രീം കോടതി വിധിയുടെ പ്രധാന ഭാഗങ്ങൾ

സുപ്രീംകോടതി വിധിയിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറി സഫർയാബ് ജിലാനി പറഞ്ഞിരുന്നു. “ഭരണഘടനയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും വിധിയിൽ ഒരുപാട് പറയുന്നുണ്ട്. വിധിയിൽ അസന്തുഷ്ടരാണ്. ഞങ്ങൾ പ്രാർത്ഥന നടത്തിയിരുന്ന നടുത്തളമുൾപ്പെടെ എതിർഭാഗത്തിന് നൽകിയതിലാണ് എതിർപ്പ്. ഇത് നീതി നിഷേധമാണ്.” സഫർയാബ് ജിലാനി പറഞ്ഞു.

എന്നാൽ മുസ്ലീം ലീഗിനും ഇക്കാര്യത്തിൽ ശാന്ത നിലപാടാണ്. വിധി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മുസ്ലിം ലീഗിന്റെ പ്രതികരണം.

Also Read: നീതിന്യായ വ്യവസ്ഥയിലെ സുവര്‍ണ അധ്യായം, പുതിയ ഇന്ത്യയെ നിര്‍മിക്കാം: പ്രധാനമന്ത്രി

തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook