ന്യൂഡല്‍ഹി: അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി സിപിഎം. 1992 ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച നടപടി നിയമലംഘനമാണെന്നും ക്രിമിനല്‍ കുറ്റമാണെന്നും സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതായി പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു

Read Also: നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചു; അയോധ്യ കേസ് വിധി സ്വാഗതം ചെയ്ത് മോദിയും ഷായും

രാജ്യത്തെ മതേതര മൂല്യങ്ങള്‍ക്കു വിഘാതം സൃഷ്ടിച്ച നടപടിയാണ് ബാബറി മസ്ജിദ് പൊളിച്ചതെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നു. ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നവരെല്ലാം ശിക്ഷയ്ക്കു അര്‍ഹരാണെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിട്ടുള്ളതായി സിപിഎം ചൂണ്ടിക്കാട്ടി.

നിയമപരമായി തന്നെ അയോധ്യ ഭൂമിത്തര്‍ക്ക വിഷയം പരിഹരിക്കപ്പെടണമെന്നാണ് സിപിഎം ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കോടതി വിധിയുമായി ബന്ധപ്പെട്ട് രാജ്യത്തെ മതസൗഹാർദത്തിനു വിപരീതമായി യാതൊന്നും ഉണ്ടാകരുതെന്നും സിപിഎം പ്രസ്താവനയില്‍ അറിയിച്ചു.

അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ കോൺഗ്രസ് എപ്പോഴും അനുകൂലിച്ചിരുന്നു. ഇപ്പോൾ സുപ്രീം കോടതി വിധി വന്നിരിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

Read Also: അയോധ്യ വിധിയിൽ സംതൃപ്തനല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍

സുപ്രീം കോടതി വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംയമനത്തോടെ എല്ലാവരും വിധിയോട് പ്രതികരിക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി അന്തിമമാണെന്നതിനാല്‍ വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ജനങ്ങളുടെ സമാധാന ജീവിതം തകരുന്ന ഇടപെടലുകള്‍ സമൂഹത്തില്‍ ഉണ്ടാകരുത്. ശാന്തിയും സമാധാനവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് എല്ലാവരിലും ഉണ്ടാകേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook