ന്യൂഡല്‍ഹി: അയോധ്യ ഭൂമി തർക്ക കേസ് വിധിയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. യുപി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. ഇതിനായി ചീഫ് ജസ്റ്റിസിന്റെ ചേംബറിലേക്ക് എത്തണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യുപി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അയോധ്യ തർക്കം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് മുന്നോടിയായി സംഘർഷങ്ങൾക്ക് സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പൊതു നിർദേശങ്ങളും ഉപദേശങ്ങളും നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിലും മറ്റിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള അശാന്തിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ സംസ്ഥാനങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. വിധിയുടെ സ്വഭാവമനുസരിച്ച് അസംതൃപ്തരായ കക്ഷികൾ ആക്രമണങ്ങൾ അഴിച്ചുവിടാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: അയോധ്യ കേസ്: സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ യുപി പൊലീസും നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ഉത്സവങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ വർധിപ്പിച്ചു. നവംബർ 11 മുതൽ 13 വരെ കാർത്തിക പൂർണിമയ്ക്ക് 15-20 ലക്ഷം വരെ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ആളുകളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാൻ സാധ്യതയുണ്ട്. പ്രശ്ന സാധ്യതാ മേഖലകളിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും കർശന നിർദേശമാണ് ബിജെപി നൽകിയിരിക്കുന്നത്. വിധി പുറപ്പെടുവിച്ച ശേഷം പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ബിജെപി നിർദേശം നൽകി. വിധിപ്രസ്താവത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും പ്രതികരണങ്ങൾ പുറത്തുവരുന്നതുവരെ ആരും പ്രസ്താവന നടത്തരുതെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാൻ പാർട്ടി മേഖലാ യോഗങ്ങൾ നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook