ന്യൂഡൽഹി: അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ തേടി സുപ്രീം കോടതി. കേസില്‍ മധ്യസ്ഥരെ നിയോഗിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. കക്ഷികള്‍ക്ക് മധ്യസ്ഥരെ നിര്‍ദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അറിയിച്ചു. ഭൂമിത്തര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിലപാട്. അതിനാലാണ് മധ്യസ്ഥരെ നിര്‍ദേശിക്കണമെന്ന് കോടതി ആവശ്യപ്പെടുന്നതും. ഒന്നിലേറെ മധ്യസ്ഥരടങ്ങുന്ന പാനലിന് രൂപം നല്‍കാനാണ് കോടതിയുടെ തീരുമാനം.

എന്നാല്‍, മധ്യസ്ഥരെ നിയോഗിക്കണമെന്ന സുപ്രീം കോടതി നിലപാടില്‍ ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചു. വിശ്വാസവും ആചാരവും സംബന്ധിച്ച വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നാണ് കേസില്‍ കക്ഷിയായ രാംലല്ല കോടതിയില്‍ വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെങ്കിലേ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടാവൂ എന്ന് യുപി സര്‍ക്കാരും നിലപാടെടുത്തു.

അതേസമയം, മധ്യസ്ഥ ചര്‍ച്ചകളുമായി സഹകരിക്കാമെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു. മുസ്ലീം സംഘടനകള്‍ക്കായി കോടതിയിലെത്തിയ രാജീവ് ധവാനാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി സഹകരിക്കാമെന്ന നിലപാട് അറിയിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കക്ഷികളുടെ അനുമതി ആവശ്യമില്ലെന്നും രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു.

അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അതിനാലാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നതെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചകളെ മുന്‍വിധിയോടെ കാണേണ്ടതില്ല. ചര്‍ച്ചകള്‍ക്കായി ഒന്നിലധികം അംഗങ്ങളുള്ള സമിതിയെ ആയിരിക്കും നിയോഗിക്കുക. ഈ സമിതി അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ