ലഖ്നൗ: ബാബ്റി മസ്ജിദ് തകർക്കപ്പെട്ട കാലത്തേതിന് സമാനമായി ആശങ്കയുടെ ഇരുണ്ട മേഘങ്ങളാൽ നിറഞ്ഞ് കിടക്കുകയാണ് അയോധ്യ. വിശ്വ ഹിന്ദു പരിഷത്ത് നടത്തുന്ന ധർമ്മ സഭയ്ക്ക് പിന്തുണയുമായി ശിവസേനയും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാവുന്ന നിലയിലേക്ക് അയോധ്യയിലെ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്.

ധർമ്മ സഭയ്ക്കായി മൂന്ന് ലക്ഷത്തോളം വരുന്ന രാമഭക്തരാണ് തർക്കഭൂമിയിൽ എത്തിയിരിക്കുന്നത്. 1992 ൽ കർസേവകർ ബാബ്റി മസ്ജിദ് ആക്രമിച്ചതിന് സമാനമായ സാഹചര്യം മുന്നിൽ കണ്ട് ഇവിടെ സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്.
വിഎച്ച്പി അദ്ധ്യക്ഷൻ ചംപത് റായി ക്ഷേത്ര നിർമ്മാണത്തിന് ഒരു ഫോർമുലയും അംഗീകരിക്കില്ലെന്ന നിലപാടിലാണ്. 2010 ലെ അലഹബാദ് ഹൈക്കോടതി വിധി പ്രകാരം തർക്ക ഭൂമി മൂന്നാക്കി വിഭജിക്കണമെന്ന ഉത്തരവിനെ പരാമർശിച്ചാണ് ചംപത് റായി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രാമക്ഷേത്ര നിർമ്മാണം എന്ന ആവശ്യവുമായി വിഎച്ച്പി നടത്തുന്ന അവസാന സമരമാണ് ഇതെന്നാണ് നേതാക്കളുടെ പ്രസ്താവന. ഇതോടെ സമരങ്ങൾ അവസാനിക്കുമെന്നും ഇനി രാമക്ഷേത്രം നിർമ്മിക്കുമെന്നുമാണ് അവർ പറയുന്നത്.

രാമക്ഷേത്രം നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ മുഖവിലയ്ക്ക് എടുക്കാതെ ഇനിയും ബിജെപിക്ക് മുന്നോട്ട് പോകാനാവില്ലെന്നാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ വ്യക്തമാക്കിയത്. രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘സന്ന്യാസിമാരുടെ അനുഗ്രഹം ഞാന്‍ വാങ്ങി. അവരുടെ അനുഗ്രഹം ഇല്ലാതെ ക്ഷേത്രം നിര്‍മ്മിക്കാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. അയോധ്യയില്‍ വന്നതില്‍ എനിക്ക് മറ്റ് അജണ്ടകളൊന്നും ഇല്ല. ലോകത്താകമാനമുളള ഇന്ത്യക്കാരുടേയും ഹിന്ദുക്കളുടേയും വികാരം അറിയിക്കാനാണ് ഞാന്‍ എത്തിയത്. രാമക്ഷേത്രം നിര്‍മ്മിക്കാനായാണ് അവരെല്ലാം കാത്തിരിക്കുന്നത്,’ താക്കറെ പറഞ്ഞു.
‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് കേട്ടു. അവിടെ ക്ഷേത്രം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, ഇനിയെന്നും ഉണ്ടായിരിക്കും എന്ന്. എന്നാല്‍ അത് നമ്മുടെ വിശ്വാസവും വികാരവും മാത്രമാണ്. നമുക്ക് ക്ഷേത്രം കാണാനാവാത്തതാണ് വേദനിപ്പിക്കുന്നത്. എപ്പോഴാണ് ക്ഷേത്രം പണിയുക?,’ താക്കറെ ചോദിച്ചു.

അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. രാമക്ഷേത്രം പൊളിച്ചാണ് 16ാം നൂറ്റാണ്ടില്‍ ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് ദീർഘകാലം ഉയർത്തിയ വാദം. പിന്നീടാണ് 1992ല്‍ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് കർസേവകർ പൊളിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖത്തെ ഏറ്റവും വലിയ നാണക്കേടായാണ് ചരിത്ര രേഖകളിൽ ഇതിനെ പരാമർശിക്കുന്നത്.