ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ശക്തമായിരിക്കെ ആദ്യ പ്രതികരണവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. വെറുപ്പിലും ക്രൂരതയിലും രാമനില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എല്ലാവിധ മാനുഷിക നന്മകളുടെയും ഏറ്റവും ഉയർന്ന പ്രതീകമാണ് ശ്രീരാമനെന്ന് രാഹുൽ പറഞ്ഞു.
“രാമൻ സ്നേഹമാണ്, അത് വെറുപ്പിൽ പ്രകടമാകില്ല
രാമൻ സഹാനുഭൂതിയാണ്, അത് ക്രൂരതയിൽ പ്രകടമാകില്ല
രാമൻ നീതിയാണ്, അത് അനീതിയിൽ പ്രകടമാകില്ല” രാഹുൽ ട്വീറ്റ് ചെയ്തു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. അതിനുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു പ്രിയങ്ക ഗാന്ധിയുടേത്. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ദിഗ്വിജയ് സിങ്, മനീഷ് തിവാരി, കമൽനാഥ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ നേരത്തെ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരുന്നു.
“ധെെര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമൻ എന്ന പേരിനർത്ഥം. രാമൻ എല്ലാവരിലുമുണ്ട്, എല്ലാവർക്കൊപ്പവുമുണ്ട്. ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്” പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതേസമയം, അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളി ശില സ്ഥാപിച്ചു. ചടങ്ങിൽ മോദി ഉൾപ്പെടെ 175 പേർ പങ്കെടുത്തു. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് ചീഫ് നൃത്യ ഗോപാൽദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുമായി അദ്ദേഹം വേദി പങ്കിട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്. അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാവും.