ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രം 2024 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും സി പി എമ്മും ക്ഷേത്രനിര്‍മാണം തടസപ്പെടുത്തുകയും പ്രശ്‌നം കോടതിയുടെ അധികാരപരിധിയില്‍ ദീര്‍ഘനേരം വച്ചെന്നും അമിത് ഷാ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം കോടതി വിധി വന്നശേഷം, മോദി ക്ഷേത്രനിര്‍മാണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
”രാഹുല്‍ ബാബ കേള്‍ക്കൂ, 2024 ജനുവരി ഒന്നിനു ഒരു വലിയ രാമക്ഷേത്രം സജ്ജമാകും,” ഷാ പറഞ്ഞു.
തന്റെ, 11 സംസ്ഥാനങ്ങളിലെ പര്യടനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍നിന്ന് അമിത് ഷാ ആരംഭിച്ചു. ത്രിപുരയിലെ ബി ജെ പിയുടെ ആദ്യ തിരഞ്ഞെടുപ്പ് രഥയാത്ര അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. വികസനസന്ദേശം ഊന്നിപ്പറയുന്നതാണ് ഈ യാത്ര.
2018ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിച്ചെന്ന് അവകാശപ്പെടുന്ന 84 പോയിന്റുകളുള്ള ‘റിപ്പോര്‍ട്ട് കാര്‍ഡ്’ ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പിറ്റേദിവസമാണു രഥയാത്ര ആരംഭിച്ചത്.
രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് അമിത് ഷാ പറഞ്ഞു. ”പുല്‍വാമ സംഭവത്തിനു 10 ദിവസത്തിനുശേഷം, മോദിയുടെ നേതൃത്വത്തിനു കീഴില്‍ കശ്മീര്‍ ഇന്ത്യന്‍ സൈനികര്‍ പാകിസ്ഥാനിലേക്കു പോയി വിജയകരമായ ഓപ്പറേഷന്‍ നടത്തി,” അദ്ദേഹം പറഞ്ഞു.