ന്യൂദല്‍ഹി: രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ സുപ്രിം കോടതി നാളെ വിധി പറയാനിരിക്കെ അയോധ്യ കനത്ത പൊലീസ് വലയത്തില്‍. തര്‍ക്കപ്രദേശമായ രാമജന്മഭൂമി-ബാബറി മസ്ജിദ് സ്ഥലത്തും ഹനുമാന്‍ ഗഡി ക്ഷേത്രത്തിലേക്കുമുള്ള റോഡിലെ ഓരോ പോയിന്റിലും പൊലീസ് സാന്നിധ്യമുണ്ട്.

മുക്കിലുംമൂലയിലും രാംകോട്ട് പ്രദേശത്തെ തകര്‍ന്ന ക്ഷേത്രത്തിനു പുറത്തും ബസുകള്‍, കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയിലായി പൊലീസ് സാന്നിധ്യമുണ്ട്. പക്ഷേ ഇതൊന്നും കാര്യമായി പരിഗണിക്കാതെ ജനങ്ങള്‍ അവരവരുടെ കാര്യങ്ങള്‍ക്കായി പൊലീസുകാരെയും ദ്രുതകര്‍മസേന സംഘത്തെയും മറികടന്ന് നടന്നുപോകുന്നുമുണ്ട്.

അയോധ്യയിയെ ജനങ്ങള്‍ക്കു പൊലീസ് സാന്നിധ്യം ശീലമായി കഴിഞ്ഞതായി കച്ചവടക്കാരനായ അരുൺ കുമാര്‍ ഗുപ്ത പറഞ്ഞു. തര്‍ക്കസ്ഥലത്തേക്കുള്ള പാതയില്‍ സിംഗാര്‍ ഹാത്തില്‍ ഹാര്‍ഡ്‌വെയര്‍ കട നടത്തുകയാണ് അറുപത്തിരണ്ടുകാരനായ ഗുപ്ത. “ബാബറി മസ്ജിദ് വിഷയത്തില്‍ അയോധ്യ ഇതാദ്യമായല്ല നിർണായക അവസ്ഥയിലൂടെ കടന്നുപോകുന്നത്. പൊലീസുകാരുടെ സാന്നിധ്യത്തെക്കുറിച്ച് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. നഗരത്തിലേക്കു  രാഷ്ട്രീയക്കാര്‍ പുറത്തുനിന്നുള്ളവരെ കൊണ്ടുവരുമ്പോഴാണു പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

”പൊലീസുകാര്‍ ഞങ്ങളെ ശല്യം ചെയ്യാറില്ല. അവര്‍ അവരുടെ ജോലി ചെയ്യുന്നു. 1992ല്‍ പോലും പുറത്തുനിന്നു കര്‍സേവകര്‍ എത്തിയപ്പോഴാണ് അയോധ്യയില്‍ പ്രശ്‌നങ്ങളാരംഭിച്ചത്,” മറ്റൊരു കച്ചവടക്കാരനായ ധര്‍മേന്ദ്ര കുമാര്‍ സോന്‍കാര്‍ പറഞ്ഞു. തുളസി ഉദ്യാന്‍ പാര്‍ക്ക് പ്രദേശത്തെ പാന്‍-സിഗരറ്റ് വില്‍പ്പനക്കാരനാണു ധര്‍മേന്ദ്ര കുമാര്‍. വരാനിരിക്കുന്ന അയോധ്യ കേസ് വിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ക്ഷേത്രം നിര്‍മിക്കണമെന്നും ബാക്കിയെല്ലാം രാമന്റെ ഇച്ഛയ്ക്ക് നുസരിച്ചായിരിക്കുമെന്നായിരുന്നു ധര്‍മേന്ദ്ര കുമാറിന്റെ പ്രതികരണം.

തര്‍ക്കസ്ഥലത്തേക്കുള്ള റോഡിലെ ആദ്യ ബാരിക്കേഡില്‍നിന്നു രണ്ടു കിലോ മീറ്റര്‍ അകലെയുള്ള നയാ ഘട്ടിലെത്തിയപ്പോള്‍ രാവിലെ ഇളംവെയില്‍ കൊള്ളുന്ന മൂന്നു സന്ന്യാ സിമാര്‍. സംഭാഷണത്തിനു തുടക്കമിടാനുള്ള എളുപ്പ കാര്യമായി ക്ഷേത്രം മാറി. ‘ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണു ക്ഷേത്രം നിര്‍മിക്കുക’യെന്നായിരുന്നു സന്ന്യാസിമാരിലൊരാളായ ശിവശങ്കര്‍ പാണ്ഡെയുടെ മറ്റുള്ളവരോടുള്ള ചോദ്യം. ഇക്കാര്യം ശരിവച്ച മറ്റൊരു സന്ന്യാസി ഗോപാല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ” മോഡി അവിടെയുണ്ട്. എന്തു നടക്കുമെന്നു നോക്കാം.” കോടതിവിധിക്കുശേഷം സംഘര്‍ഷത്തിനുള്ള സാധ്യത തള്ളിയ അവര്‍ ‘ഒന്നും സംഭവിക്കില്ല’ എന്നും അഭിപ്രായപ്പെട്ടു.

സന്ന്യാസിമാരുമായി സംസാരിക്കവെ കടന്നുപോയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോട് സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ തദ്ദേശീയരെ ‘കണ്ണും കാതുമായി’ ഉപയോഗിക്കുന്നുവെന്നായിരുന്നു മറുപടി. ”സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.  ചെറുകിട കച്ചവടക്കാരെയാണു വിവരങ്ങള്‍ ലഭിക്കാനായി പൊലീസ് ഉപയോഗപ്പെടുത്തുന്നത്. എന്തെങ്കിലും കുഴപ്പങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, സംശയം തോന്നുന്നവരെ തിരിച്ചറിയുന്നതിനായി കച്ചവടക്കാരെ സിസിടിവി കണ്‍ട്രോള്‍ റൂമിലേക്കു കൊണ്ടുവരും” പേര് വെളിപ്പടുത്താന്‍ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ബുധനാഴ്ച അയോധ്യയിലെത്തിയ ഉത്തര്‍പ്രദേശ് പോലീസ് എഡിജിപി അശുതോഷ് പാണ്ഡെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. കുടുതല്‍ പൊലീസുകാരെ അയോധ്യയില്‍ വിന്യസിക്കുമെന്നു പാണ്ഡെ പറഞ്ഞു.

പൊലീസ് സുരക്ഷയിലാണു കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായ ഇഖ്ബാല്‍ അന്‍സാരിയുടെ പന്‍ജി ടോല പ്രദേശത്തെ വീട്. വീടിനു പുറത്ത് ഇരിക്കുന്ന രണ്ടു പോലീസുകാര്‍ അന്‍സാരിയെ സന്ദര്‍ശിക്കാനെത്തുന്ന എല്ലാവരുടെയും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നുണ്ട്. അന്‍സാരിയുടെ വീട്ടിലെത്തുന്ന എല്ലാവരുടെയും വിശദാംശങ്ങള്‍ പരിശോധിക്കാനാണു തങ്ങള്‍ക്കു ലഭിച്ച നിര്‍ദേശമെന്നു പൊലീസുകാരിലൊരാള്‍ പറഞ്ഞു. വീടിനുപുറത്ത് ഉയർത്തിയ പന്തലിൽ പൊലീസ് സാന്നിധ്യത്തിലാണ് അന്‍സാരി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

” അയോധ്യയില്‍ ഒന്നു സംഭവിക്കില്ല. അവിടെ ഒരു പ്രശ്‌നവുമുണ്ടാകില്ല. ഇക്കാര്യം ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്. ഞാനവരെ വിശ്വസിക്കുന്നു. ഇനി എന്തെങ്കിലും സംഭവിച്ചാല്‍ അതു സമീപ ജില്ലകളിലായിരിക്കും,” ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. പന്തലിലെ മുളന്തൂണില്‍ തൂക്കിയ പിതാവ് മുഹമ്മദ് ഷാഷിം അന്‍സാരി ഹാജിയുടെ ചിത്രത്തിനു കീഴിലിരുന്നാണ് ഇഖ്ബാല്‍ അന്‍സാരി ഇക്കാര്യം പറഞ്ഞത്. കേസിലെ യഥാര്‍ഥ ഹര്‍ജിക്കാരനാണു മുഹമ്മദ് ഷാഷിം അന്‍സാരി.

കേസില്‍ വിധി എന്തായാലും അത് അംഗീകരിക്കാനും വീട്ടിനുള്ളിലിരിക്കാനും ഇഖ്ബാല്‍ അന്‍സാരി അയോധ്യയിലെ മുസ്ലിങ്ങളോട് ആവശ്യപ്പെട്ടു.

2011ലെ സെന്‍സസ് പ്രകാരം 6.19 ശതമാനമാണ് അയോധ്യയിലെ മുസ്ലിം ജനസംഖ്യ. 90 ശതമാനത്തിലേറെയും ഹിന്ദുക്കളാണ്.

അന്‍സാരിയുടെ വീട്ടില്‍നിന്നുള്ള റോഡിനു കുറുകെയാണു നഫീസയെന്ന നാല്‍പ്പത്തിയേഴുകാരിയെ കണ്ടത്. സന്ന്യാസികള്‍ ധരിക്കുന്ന തടിച്ചെരിപ്പുകള്‍ പോളിഷ് ചെയ്യുകയായിരുന്നു അവര്‍. അയല്‍വാസിയായ കമലേഷ് ദേവി അവിടെയെത്തി പാചകവാതക സിലിണ്ടര്‍ ഉണ്ടോയെന്നു ചോദിച്ചു. ”ഇല്ല. അത് ഞാന്‍ ഉപയോഗിക്കുകയാണ്” എന്ന പറഞ്ഞ നഫീസ ക്ഷമാപണഭാവത്തില്‍ പുഞ്ചിരിച്ചു.

”ഇവര്‍ ഞങ്ങളുടെ ബന്ധുക്കളെപ്പോലെയാണ്. ഞങ്ങള്‍ പരസ്പരം വിവാഹങ്ങള്‍ക്കു പോകാറുണ്ട്, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുമുണ്ട്. എന്തെങ്കിലും ഭയമുണ്ടെങ്കില്‍ അതു പുറത്തുനിന്നു വരുന്നവരില്‍നിന്ന് ഉണ്ടാകുന്നതാണ,്” കമലേഷ് ദേവി പോയപ്പോള്‍ അയല്‍ക്കാരിയെക്കുറിച്ച് നഫീസ പറഞ്ഞു.

”ഇതുവരെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. കാരണം ഭരണകുടം വളരെ ജാഗ്രതയിലാണ്. ഭാവിയില്‍ സംഭവിക്കുന്നതു ദൈവത്തിന്റെ കൈയിലാണ്,” ബിരുദധാരിയായ മുഹമ്മദ് ഷക്കീര്‍ പറഞ്ഞു. നഫീസയുടെ വീടിന് ഏതാനും വീടുകള്‍ക്ക് അകലെയാണു ഷക്കീറിനെ കണ്ടത്. വരാനിരിക്കുന്ന സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള വാര്‍ത്താ ക്ലിപ്പ് തന്റെ സ്മാര്‍ട്ട്ഫോണില്‍ കാണുകയായിരുന്നു അയാള്‍. അയോധ്യയിലെ സര്‍ക്കാര്‍ കോളേജില്‍നിന്നു കഴിഞ്ഞവര്‍ഷം ബിരുദം നേടിയ മുഹമ്മദ് ഷക്കീര്‍ ജോലി തേടുകയാണ്.

”കോടതി വിധി എന്തുതന്നെയായാലും അത് എല്ലാവരും സ്വീകരിക്കും” എന്നാണു തര്‍ക്കസ്ഥലത്തെ താല്‍ക്കാലിക ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞത്. ”വിധി നമുക്ക് അനുകൂലമാണെങ്കില്‍ ദീപാവലിയും ഹോളിയും ആഘോഷിക്കും. പക്ഷേ അതു ക്ഷേത്രങ്ങളിലും വീടുകളിലും അല്ലെങ്കില്‍ ക്ഷേത്രങ്ങളുടെ പടികളിലും മാത്രമായിരിക്കും. വിധി എന്തായാലും ഞങ്ങള്‍ പ്രകടനം നടത്തുകയില്ല. എന്റെ അനുയായികളോടും ഇതു പറഞ്ഞിട്ടുണ്ട്,”വിധി ഹിന്ദുപക്ഷത്തിന് അനുകൂലമായാല്‍ എന്തു സംഭവിക്കുമെന്ന ചോദ്യത്തിനു മറുപടിയായി സത്യേന്ദ്ര ദാസ് പറഞ്ഞു.

വാർത്ത: ആസാദ് റഹ്മാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook