ന്യൂഡല്‍ഹി: രാമക്ഷേത്ര ഭൂമി, ശിലാ പൂജയ്ക്കു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ എല്ലാ കണ്ണുകളും അയോധ്യയിലേക്ക്. 12.40നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിര്‍മാണത്തിനു തറക്കല്ലിടും. ഇതോടെ ക്ഷേത്രനിര്‍മാണം ആരംഭിക്കും. ആറ് മാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി എത്തുക 11.30ന്
നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന ഭൂമിപൂജ ചടങ്ങ് ഉച്ചയ്ക്കു രണ്ടു വരെ നീളും. 12.30ന് പ്രധാന പൂജ നടക്കും. തുടര്‍ന്നാണു പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കുക. 22.6 കിലോഗ്രാം വരുന്ന വെള്ളിക്കട്ടിയാണ് ശിലയായി ഉപയോഗിക്കുക.
രാവിലെ 11.30ന് എത്തുന്ന പ്രധാനമന്ത്രി മൂന്നു മണിക്കൂറോളമാണ് അയോധ്യയില്‍ ചെലവഴിക്കുക. പ്രസിദ്ധമായ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തും. അവിടെ ഏഴു മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ചെലവഴിക്കുക. മരവും ഗ്ലാസും കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക രാം ലല്ലാ ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. 12 മണിക്ക് ക്ഷേത്രനിര്‍മാണ സ്ഥലത്തെത്തുന്ന പ്രധാനമന്ത്രി ശിലാസ്ഥാപനച്ചടങ്ങിനുശേഷം 2.20നു തിരിച്ചുപോകും.
വേദിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ അഞ്ചുപേര്‍
പ്രധാനമന്ത്രി നന്ദ്രേ മോദിയെക്കൂടാതെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാന്ത് നൃത്ത ഗോപാല്‍ദാസ് എന്നീ നാലുപേര്‍ മാത്രമാണു വേദിയിലുണ്ടാവുക. വ്യക്തികള്‍ തമ്മില്‍ ആറടി അകലം ക്രമീകരിക്കും.
ചടങ്ങിലേക്കു ക്ഷണം 175 പേര്‍ക്ക്
ഭൂമിപൂജ ചടങ്ങിലേക്കു ക്ഷണിതാക്കളായി ആദ്യ ഘട്ടത്തില്‍ 260ല്‍ അധികം പേരുടെ പട്ടികയാണു തയാറാക്കിയിരുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമൂഹ്യ അകലം ഉറപ്പുവരുത്താന്‍ ക്ഷണിതാക്കളുടെ എണ്ണം 175 ആയി ചുരുക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മുഖ്യാതിഥികളുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക.
രാജ്യത്തൊട്ടാകെയുള്ള 36 ആത്മീയ ശ്രേണികളില്‍ നിന്നുള്ള 133 സന്യാസികള്‍ ചടങ്ങിനെത്തും. ബിജെപി, ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് നേതാക്കളും അതിഥികളായെത്തും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ബാബറി മസ്ജിദ് കേസിലെ വ്യവഹാരികളില്‍ ഒരാളായ ഇക്ബാല്‍ അന്‍സാരിയെയും പത്മശ്രീ ജേതാവ് മുഹമ്മദ് ഷെരീഫിനെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ട്. അതേസമയം, കൊറോണ വൈറസ് സാഹചര്യത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങിലുണ്ടാവില്ല. പ്രധാനമന്ത്രിയുടെയും മറ്റ് അതിഥികളുടെയും സുരക്ഷയ്ക്കായി, പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും എല്ലാവരും പോയിക്കഴിഞ്ഞാല്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ഉമാ ഭാരതി വ്യക്തമാക്കിയിട്ടുണ്ട്.
ചടങ്ങിനു കർശന സുരക്ഷ
മഞ്ഞ പശ്ചാത്തലത്തില്‍ ചുവപ്പും കറുപ്പും നിറത്തിലുള്ള അക്ഷരത്തില്‍ എഴുതിയ, രാംലല്ല വിഗ്രഹത്തിന്റെ ചിത്രമടങ്ങിയ ക്ഷണപത്രമാണ് വിശിഷ്ടാതിഥികൾക്ക് അയച്ചിരിരിക്കുന്നത്. അതിഥികളെ ട്രസ്റ്റ് ഭാരവാഹികള്‍ ഫോണില്‍ ബന്ധപ്പെട്ട് സാന്നിധ്യം ഉറപ്പാക്കിയിട്ടുമുണ്ട്.
ഒരാള്‍ക്കു മാത്രം പ്രവേശനം അനുവദിക്കുന്നതാണ് ക്ഷണപത്രം. ഓരോ കാര്‍ഡിലും ഓരോ സുരക്ഷാ കോഡ് ഉണ്ട്. ചടങ്ങില്‍ മൊബൈല്‍ ഫോണുകളും ബാഗുകളും കൊണ്ടുവരുന്നതിനു നിരോധനമുണ്ട്.അതിഥി വേദിയില്‍നിന്ന് പുറത്തുകടന്നാല്‍ തിരികെ പ്രവേശിപ്പിക്കില്ല. അതിഥികളോട് ഇന്നു വൈകീട്ട് നാലോടെ അയോധ്യയിലെ കര്‍സേവക്പുരത്ത് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മഞ്ഞയില്‍ മുങ്ങി അയോധ്യ
രാമക്ഷേത്രം ഭൂമി പൂജയുടെ ഭാഗമായി എല്ലാ പ്രാദേശിക ക്ഷേത്രങ്ങളിലും തുടര്‍ച്ചയായ അഖണ്ഡ രാമായണ പാരായണം നടത്തുന്നുണ്ട്. ഇന്നും നാളെയും വീടുകളിലും ക്ഷേത്രങ്ങളിലും സരയു നദിയിലും ചിരാതുകള്‍ തെളിയിക്കും. നഗരത്തിലെ പ്രധാനഭാഗങ്ങളിലും വീടുകളിലും മഞ്ഞ നിറം പൂശിയിട്ടുണ്ട്. സമൃദ്ധിയുടെയും വിജ്ഞാനത്തിന്റെയും നിറമെന്ന തരത്തിലാണിത്. ചടങ്ങിന്റെ ഭാഗമായി അയോധ്യയുടെ പ്രധാനകേന്ദ്രങ്ങളില്‍ കമാനങ്ങള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
പ്രധാന ചടങ്ങ് ഇന്നാണെങ്കിലും 108 ദിവസം മുമ്പ് പ്രാര്‍ഥന ആരംഭിച്ചിരുന്നു. ഇന്നു രാവിലെ ഹനുമാന് പ്രതിഷ്ഠാ സ്ഥലത്തെ പ്രാര്‍ഥന നടന്നു. ഞായറാഴ്ച നടത്താനിരുന്ന ചടങ്ങ് നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇന്നത്തേക്കു മാറ്റിയത്.
ഉദ്ദവ് താക്കറെയ്ക്കു ക്ഷണമില്ല
ഭൂമി പൂജ ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കു ക്ഷണമില്ല. ക്ഷണത്തിനായി ആരും കാത്തിരിക്കുന്നില്ലെന്നും അതിനു രാഷ്ട്രീയ നിറം നല്കാന് ആഗ്രഹിക്കുന്നില്ലെന്നും ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. രാമക്ഷേത്രത്തിനായി സേന എല്ലായ്പ്പോഴും പങ്ക് വഹിച്ചിട്ടുണ്ടെന്നും ക്ഷേത്ര നിര്‍മാണത്തിനായി പാര്‍ട്ടി ഒരു കോടി രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടി തലവനെ ചടങ്ങിനു ക്ഷണിക്കാത്ത സാഹചര്യത്തില്‍ ഭൂമി പൂജ ആഘോഷിക്കണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണു ശിവസേന പ്രവര്‍ത്തകര്‍. ഇതുസംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കു നേതൃത്വം ഇതുവരെ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.
ദലിതരെ ഒഴിവാക്കിയതായി അപ്നദള്‍ (എസ്)
രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ ദലിതരെ അവഗണിച്ചതായി അപ്നദള്‍ (എസ്) എംഎല്‍എ ചൗധരി അമര്‍ സിങ്. ”ഭൂമി പൂജ പരിപാടിയില്‍നിന്ന് ദലിതരെയും പിന്നോക്കക്കാരെയും ഒഴിവാക്കി. ക്ഷേത്രത്തിനുവേണ്ടി പോരാടിയവരുടെ മുഖം ചടങ്ങില്‍ കാണുന്നില്ല. അവര്‍ അവഗണിക്കപ്പെടുകയാണ്. ക്ഷേത്രനിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ പിന്നാക്ക, പട്ടികജാതി-വര്‍ഗ സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഇല്ല. ഇത് ‘വേദപ്രത ട്രസ്റ്റ്’ ആണ്. ശ്രീരാമന് ബിജെപിയുടെ മാത്രം ആളാണെന്നു തോന്നുന്നു,” അദ്ദേഹം പറഞ്ഞു.
ക്ഷേത്രനിര്‍മാണത്തെ സ്വാഗതം ചെയ്ത് പ്രിയങ്ക ഗാന്ധി
അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ‘ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമന് എന്ന പേരിനര്‍ത്ഥം. രാമന് എല്ലാവരിലുമുണ്ട്, എല്ലാവര്‍ക്കൊപ്പവുമുണ്ട്. ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്” പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ദിഗ്വിജയ് സിങ്, മനീഷ് തിവാരി, കമല്‍നാഥ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തിരുന്നു.
വഴിത്തിരിവായത് സുപ്രീം കോടതി വിധി
ബാബറി മസ്ജിദ് നിലകൊണ്ടിരുന്ന അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലത്താണ് രാമക്ഷേത്രം ഉയരുന്നത്. 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി 1992 ല്‍ കര്‍സേവകര്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി കേസ് നടക്കുകയായിരുന്നു. പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്നായിരുന്നു സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുവിഭാഗങ്ങളുടെ വാദം. ഇതിനു തെളിവില്ലെങ്കിലും വിശ്വാസം കണക്കിലെടുത്ത് തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ കൈമാറണമെന്നും പകരമായി പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രീം കോടതി നവംബറില്‍ ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്നാണു രാമക്ഷേത്രനിര്‍മാണത്തിനു കളമൊരുങ്ങിയത്