scorecardresearch

അനധികൃത ഭൂമി ഇടപാട്; ജില്ലാ ലാൻഡ് അതോറിറ്റിയുടെ പട്ടികയിൽ അയോധ്യ എംഎൽഎയും മേയറും

രാമക്ഷേത്രം നിർമിക്കാനുള്ള സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിൽ ഭൂമി വാങ്ങിയ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും കുറിച്ച് കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ എക്സ്പ്രസ് അന്വേഷണം നടത്തിയിരുന്നു

അനധികൃത ഭൂമി ഇടപാട്; ജില്ലാ ലാൻഡ് അതോറിറ്റിയുടെ പട്ടികയിൽ അയോധ്യ എംഎൽഎയും മേയറും

ന്യൂഡൽഹി: നിയമവിരുദ്ധമായി ഭൂമി കൈക്കലാക്കുകയും അവിടെ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തെന്ന് അയോധ്യ വികസന അതോറിറ്റി (എ‌ഡി‌എ) കണ്ടെത്തിയ 40 പേരുടെ പട്ടികയിൽ അയോധ്യ സിറ്റി മേയർ ഋഷികേശ് ഉപാധ്യായ, സദർ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ വേദ് പ്രകാശ് ഗുപ്ത, മിൽകിപൂർ നിയോജക മണ്ഡലത്തിലെ മുൻ നിയമസഭാംഗം ഗോരഖ്നാഥ് ബാബ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ അജയ് ഭാരതി, ലേഖ്പാൽ എന്നിവർ ഒപ്പുവച്ചിട്ടുണ്ട്.

“അതോറിറ്റി പ്രദേശത്ത് അനധികൃതമായി ഭൂമി വാങ്ങി നിർമാണ പ്രവർത്തനങ്ങൾ നടത്തിയ 40 പേരുടെ പട്ടിക ശനിയാഴ്ച രാത്രി പുറത്തുവിട്ടു,” എഡിഎ വൈസ് ചെയർമാൻ വിശാൽ സിങ് ഞായറാഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. “ഇതിനു പിന്നിലെ ആളുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ലിസ്റ്റ് അകാലത്തുള്ളതും മനഃപൂർവം ചോർത്തിയതുമാണെന്ന് തോന്നുന്നു. അത് തെറ്റാണ്,” ദി ഇന്ത്യൻ എക്സ്പ്രസിനോട് സിങ് പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 22 ന് ഇന്ത്യൻ എക്സ്പ്രസ് അനധികൃത ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, ഗുപ്തയും ഉപാധ്യായയും ഉൾപ്പെടെ ഒരു ഡസനിലധികം പേർ ലിസ്റ്റിലുണ്ടായിരുന്നു. പ്രാദേശിക എംഎൽഎമാർ, അയോധ്യയിൽ അന്നുണ്ടായിരുന്നതോ അവിടെ സേവനമനുഷ്ഠിച്ചിരുന്നതോ ആയ ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കൾ, ഭൂമി ഇടപാടുകൾ ആധികാരികമാക്കുന്ന ജോലിയുള്ള പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും അവരിൽ ഉൾപ്പെടുന്നു.

രാമക്ഷേത്രം നിർമിക്കാനുള്ള സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിൽ ഭൂമി വാങ്ങിയ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും കുറിച്ച് കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ എക്സ്പ്രസ് അന്വേഷണം നടത്തിയിരുന്നു. ഗുപ്തയുടെ അനന്തരവൻ തരുൺ മിത്തൽ 2019 നവംബർ 21 ന് ബർഹത മഞ്ജയിൽ 5,174 ചതുരശ്ര മീറ്റർ 1.15 കോടി രൂപയ്ക്ക് വാങ്ങി. 2020 ഡിസംബർ 29 ന്, സരയൂ നദിക്ക് അക്കരെ ക്ഷേത്ര സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അകലെയുള്ള മഹേഷ്പൂരിൽ (ഗോണ്ട) 4 കോടി രൂപയ്ക്ക് 14,860 ചതുരശ്ര മീറ്റർ വാങ്ങി. 2019 സെപ്റ്റംബർ 18 ന് 30 ലക്ഷം രൂപയ്ക്ക് 1,480 ചതുരശ്ര മീറ്റർ ഉപാധ്യായ വാങ്ങിയിരുന്നു.

ജനപ്രതിനിധികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഭൂമി ഇടപാടുകൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഒരു അംഗ സമിതിയെ നിയോഗിച്ചിരുന്നു, എന്നാൽ ഈ വർഷം ജനുവരിയിൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇതുവരെ പൊതുമധ്യത്തിൽ എത്തിയിട്ടില്ല

“ലേഖ്‌പാലിന് അത്തരമൊരു പട്ടിക പുറത്തിറക്കാൻ അധികാരമില്ല. ഭൂമി ഇടപാടുകളിലൊന്നും എനിക്ക് പങ്കില്ല,” വേദ് പ്രകാശ് ഗുപ്ത ദി ഇന്ത്യൻ എക്സ്പ്രിസിനോടു പറഞ്ഞു. ശരിയായ അന്വേഷണത്തിന് ശേഷം മാത്രമാണ് ഇത്തരം പട്ടികകൾ പുറത്തുവിടുന്നത്. ഇത്തരം അനധികൃത ഭൂമി ഇടപാടുകളിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് സിറ്റി മേയർ ഉപാധ്യായ പറഞ്ഞു.

അയോധ്യയിലെ ജംതാര മുതൽ ഗോലാഘട്ട് വരെയുള്ള പ്രദേശങ്ങളിൽ ഭൂമാഫിയകൾ അനധികൃതമായി ഭൂമി വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരാഴ്ച മുമ്പ്, ജൂലൈ 31 ന്, അയോധ്യയിൽനിന്നുള്ള ബിജെപി എംപി ലല്ലു സിങ് കത്തയച്ചിരുന്നു.

”നേരത്തെ അവിടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒത്താശയോടെ വ്യാജരേഖകൾ ചമച്ചും ആളുകളെ തെറ്റിദ്ധരിപ്പിച്ചും ഭൂമാഫിയകൾ ഭൂമി അവരുടെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജംതാര ഘട്ടിനും ഗോലാഘട്ടിനും ഇടയിലുള്ള സ്ഥലങ്ങളിൽ ഭൂമാഫിയയുടെ കച്ചവടം തഴച്ചുവളരുകയാണ്,” മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അദ്ദേഹം പറയുന്നു. ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ടപ്പോൾ സിങ് പ്രതികരിക്കാൻ വിസമ്മതിച്ചു.

2019 നവംബർ 9ലെ സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിൽ വലിയ രീതിയിൽ ഭൂമി ഇടപാടുകൾ നടക്കുന്നുണ്ട്. ജൂലൈ അവസാനം മജ്ഹ ജംതാര മേഖലയിൽ ചെറിയ ഭൂമി വാങ്ങിയവർ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി പൊളിച്ചുനീക്കിയിരുന്നു.

ഏകാംഗ സമിതി സമർപ്പിച്ച റിപ്പോർട്ട് റവന്യൂ വകുപ്പിന്റെ പക്കലുണ്ടെന്ന് ദി ഇന്ത്യൻ എക്‌സ്‌പ്രസ് അന്വേഷണത്തിന് ശേഷം വൃത്തങ്ങൾ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ യാതൊരു പ്രതികരണം ലഭിച്ചിട്ടില്ല. രണ്ടാമത്തെ അപ്പീൽ യുപി സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വാദത്തിന് കാത്തിരിക്കുകയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ayodhya mla mayor in district land authoritys list of illegal land dealers